മോസ്കോ: റഷ്യയിൽ കാറിനടിയിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് റഷ്യൻ സൈനിക ജനറൽ കൊല്ലപ്പെട്ടു. റഷ്യൻ സായുധ സേനയുടെ ജനറൽ സ്റ്റാഫിന്റെ ഓപ്പറേഷണൽ ട്രെയിനിംഗ് ഡയറക്ടറേറ്റിന്റെ തലവനായ ലെഫ്റ്റനൻ്റ് ജനറൽ ഫാനിൽ സർവാറോ (56)വാണ് കൊല്ലപ്പെട്ടത്. തെക്കൻ മോസ്കോയിൽ തിങ്കളാഴ്‌ചയാണ് സംഭവം. ഇത്തരത്തിൽ ഈ വർഷം നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്. മോസ്കോയിലെ യാസെനേവ സ്ട്രീറ്റിലെ പാർക്കിംഗ് സ്ഥലത്ത് രാവിലെ 7 മണിയോടെയാണ് അപകടം.
പാർക്കിംഗ് ഏരിയയിൽ തകർന്ന വെളുത്ത കിയ സോറെൻറോയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. മോസ്കോയിലെ ഒറെഖോവോ-ബോറിസോവോ യുഷ്‌നോയ് ജില്ലയിലെ യാസെനെവയ സ്ട്രീറ്റിലാണ് സ്ഫോടനം. സ്ഫോടന സമയത്ത് ഡ്രൈവർ ഉള്ളിൽ ഉണ്ടായിരുന്നു. പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചുവെന്ന് അന്വേഷണ സമിതിയുടെ ഔദ്യോഗിക വക്താവ് സ്വെറ്റ്ലാന പെട്രെങ്കോ പറഞ്ഞു. ഇരുവരും കൊല്ലപ്പെട്ടതായി റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്‌തു.
ഉക്രേനിയൻ ചാര വിഭാഗമാണ് ആക്രമണം ആസൂത്രണം ചെയ്‌തതെന്നാണ് സംശയം. 2024 ഡിസംബറിൽ ഉന്നത സൈനികനെതിരെ സമാനമായ ആക്രമണം നടന്നിരുന്നു. ഇതിൻ്റെ ഉത്തരവാദിത്തം പിന്നീട് ഉക്രെയ്നിന്റെ സുരക്ഷാ വിഭാഗം ഏറ്റെടുത്തു. സൈന്യത്തിൻ്റെ ആണവ, ജൈവ, രാസ സംരക്ഷണ സേനകളുടെ തലവനായ ലെഫ്റ്റനന്റ് ജനറൽ ഇഗോർ കിറിലോവാണ് അന്ന് കൊല്ലപ്പെട്ടത്.
തൻ്റെ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിന് പുറത്ത് ഒരു ഇലക്ട്രിക് സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് മരണം. അദ്ദേഹത്തിൻ്റെ സഹായിയും കൊല്ലപ്പെട്ടു. ഏപ്രിലിൽ, റഷ്യൻ ജനറൽ സ്റ്റാഫിന്റെ മെയിൻ ഓപ്പറേഷൻ ഡയറക്ടറേറ്റിൻ്റെ ഡെപ്യൂട്ടി ചീഫായി സേവനമനുഷ്ഠിച്ച ലെഫ്റ്റനൻ്റ് ജനറൽ യാരോസ്ലാവ് മോസ്‌കാലിക് മറ്റൊരു സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.
Another military chief killed in Russia bomb blast















