പാലക്കാട്‌ വീണ്ടും നിപ മരണം, കേരളത്തിൽ ജാഗ്രതയേറുന്നു, 6 ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

പാലക്കാട് ജില്ലയിൽ വീണ്ടും നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആറ് ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂർ,വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് പ്രത്യേക ജാഗ്രത നിർദേശം നൽകിയത്. പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശിയായ 58 കാരനാണ് ഇന്ന് നിപ സ്ഥിരീകരിച്ചത്.

നിപ ലക്ഷണങ്ങളോട് കൂടിയ പനി, മസ്തിഷ്ക ജ്വരം എന്നിവ ഉണ്ടെങ്കിൽ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ആശുപത്രികള്‍ക്ക് നല്‍കിയിരിക്കുന്ന നിർദേശം. മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്ത കേസ് കൂടി കണക്കിലെടുക്കുമ്പോൾ ഇപ്പോൾ നിലവിൽ മൂന്ന് കേസുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഈ വര്‍ഷം ആകെ നാല് കേസും.

പൊതുഇടങ്ങളിൽ മാസ്ക് ധരിക്കുക. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക. ചികിത്സക്കായി മാത്രം ആശുപത്രികളിൽ പോകുക. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക . ഒരു രോഗിക്ക് ഒരു സഹായി മാത്രം ഉണ്ടാവുക എന്നിങ്ങനെയാണ് ആരോഗ്യ വകുപ്പ് നല്‍കിയിരിക്കുന്ന നിർദേശങ്ങള്‍.

ആരോഗ്യ പ്രവർത്തകർ നിർബന്ധമായും ആശുപത്രികളിൽ ഇൻഫെക്ഷൻ കണ്ട്രോൾ പ്രോട്ടോകോൾ പാലിക്കണമെന്നും (മാസ്ക് , ഗ്ലൗസ് മുതലായവ ധരിക്കുക ) നിർദേശമുണ്ട്. പനി ലക്ഷണങ്ങൾ പ്രത്യേകം ശ്രദ്ധിക്കുകയും നിപ ലക്ഷണങ്ങളോട് കൂടിയവ ആശുപത്രികൾ നിർബന്ധമായും റിപ്പോർട്ട് ചെയ്യേണ്ടതാണ്. അങ്ങനെയുള്ള കേസുകളിൽ നിപ പരിശോധന നടത്തേണ്ടതാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

More Stories from this section

family-dental
witywide