കൊച്ചി: കോൺഗ്രസ് നേതാവും പാലക്കാട് എംഎൽഎയുമായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്തെത്തി. എംഎൽഎയുടെ പെരുമാറ്റത്തെക്കുറിച്ചുള്ള ആരോപണങ്ങൾ വീണ്ടും ഉയർത്തിയാണ് ഈ പുതിയ പരാതി വന്നത്. യുവതി ചാറ്റുകളും ഓഡിയോ പ്രൂഫുകളും ചേർത്ത് പരാതി കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്കും കെഎപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനുമടക്കം അയച്ചു. യുവതിയുടെ പരാതി കിട്ടിയതായി പാർട്ടി നേതൃത്വം സ്ഥിരീകരിച്ചു. പരാതി ലഭിച്ചതിനെത്തുടർന്ന് പാർട്ടി നേതൃത്വം നിയമപരമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.
നേരത്തെ ഒരു യുവതി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചിരുന്നു. ഈ പരാതിയിൽ അന്വേഷണം നടത്തുന്ന കേരള പൊലീസിന് പിടികൊടുക്കാതെ രാഹുൽ ഒളിവിൽ കഴിയുകയാണ്. രാഹുൽ ഒളിവിൽ താമസിച്ചത് തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരിലെ റിസോർട്ടിലെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ബാഗല്ലൂരിലെ റിസോർട്ടിൽ പൊലീസ് എത്തുന്നതിന് മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങി. ഞായറാഴ്ചയാണ് രാഹുൽ റിസോർട്ടിലെത്തിയതെന്നും അതിന് ശേഷം കർണാടകയിലേക്ക് കടന്നെന്നുമാണ് സൂചന. ഒളിവിലുള്ള രാഹുൽ കാറുകൾ മാറി മാറി ഉപയോഗിക്കുന്നതായും സംശയമുണ്ട്. ബുധനാഴ്ചയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്.










