
ലണ്ടന്‍: ശനിയാഴ്ച തീവ്ര വലതുപക്ഷ പ്രവര്‍ത്തകനായ ടോമി റോബിന്‍സന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലണ്ടന്‍ മാര്‍ച്ച് അക്രമാസക്തമായി. 110,000-ത്തിലധികം വരുന്ന പ്രതിഷേധക്കാരും പൊലീസുകാരും തെരുവില്‍ ഏറ്റുമുട്ടിയതോടെ ഇരുപത്തിയാറ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ഇവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. മസ്തിഷ്‌കാഘാതവും, മൂക്കിനും നട്ടെല്ലിനും ഒടിവും പല്ലുകള്‍ ഒടിഞ്ഞതുമടക്കമുള്ള ഗുരുതര ആക്രമണമാണ് നടന്നത്. നിരവധി കുറ്റകൃത്യങ്ങള്‍ ചുമത്തി കുറഞ്ഞത് 25 പേരെ അറസ്റ്റ് ചെയ്തതായും അന്വേഷണം തുടരുന്നതായും പൊലീസ് പറഞ്ഞു.

ടോമി റോബിന്‍സണ്‍ തന്നെയാണ് ‘യുണൈറ്റ് ദി കിംഗ്ഡം ‘ എന്ന ഈ റാലിക്ക് നേതൃത്വം നല്‍കിയത്. അതേസമയം, ഏകദേശം 5,000 ആളുകള്‍ ‘ സ്റ്റാന്‍ഡ് അപ്പ് ടു റേസിസം ‘ (SUTR) എന്ന സംഘടനയുടെ നേതൃത്വത്തില്‍ വര്‍ണ്ണവിവേചനത്തിനെതിരെയും പ്രതിഷേധിച്ചു.
‘പ്രതിഷേധിക്കാനുള്ള നിയമപരമായ അവകാശം വിനിയോഗിക്കാന്‍ പലരും എത്തിയിട്ടുണ്ടെന്നതില്‍ സംശയമില്ല, പക്ഷേ അക്രമം ലക്ഷ്യമിട്ട് എത്തിയവരും നിരവധിയായിരുന്നു, അവര്‍ ഉദ്യോഗസ്ഥരെ നേരിട്ടു, ശാരീരികമായും വാക്കാലുള്ളതുമായ അധിക്ഷേപത്തില്‍ ഏര്‍പ്പെടുകയും സ്ഥലത്തെ സുരക്ഷാ വലയം ഭേദിക്കാന്‍ ശ്രമിക്കുകയും ചെയ്തു.’- അസിസ്റ്റന്റ് കമ്മീഷണര്‍ മാറ്റ് ട്വിസ്റ്റ് പറഞ്ഞു.
‘യുണൈറ്റ് ദി കിംഗ്ഡം’ പ്രതിഷേധം വൈറ്റ്ഹാളിലേക്ക് നീങ്ങിയപ്പോള്‍ പൊലീസുമായി സംഘര്‍ഷമുണ്ടായി. വാട്ടര്‍ലൂവില്‍ ഒത്തുചേര്‍ന്ന ശേഷം വൈറ്റ്ഹാളിലേക്ക് മാര്‍ച്ച് ചെയ്ത പ്രതിഷേധക്കാരോട് ഇലോണ്‍ മസ്‌ക് ഉള്‍പ്പെടെയുള്ളവര്‍ ഓണ്‍ലൈനായി സംസാരിച്ചു.

പ്രതിഷേധം സമാധാനപരമായാണ് ആരംഭിച്ചതെങ്കിലും പിന്നീട് പൊലീസുമായി സംഘര്‍ഷമുണ്ടാകുകയും അക്രമാസക്തമാകുകയും ചെയ്യുകയായിരുന്നു.
ട്രാഫല്‍ഗര്‍ സ്‌ക്വയറിന് സമീപം ഒത്തുചേര്‍ന്ന ‘യുണൈറ്റ് ദി കിംഗ്ഡം’ പ്രതിഷേധക്കാര്‍ പൊലീസുകാര്‍ക്ക് നേരെ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ തടയാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ അക്രമാസക്തരായെന്നാണ് പൊലീസ് പറയുന്നത്. അവര്‍ ചവിട്ടുകയും ഇടിക്കുകയും ചെയ്തു. കുപ്പികള്‍, തീപ്പന്തങ്ങള്‍, മറ്റ് വസ്തുക്കള്‍ എന്നിവ പൊലീസിന് നേര്‍ക്ക് എറിഞ്ഞു. ആഭ്യന്തര സെക്രട്ടറി ഷബാന മഹ്‌മൂദ് പൊലീസുകാരെ സംഭവത്തെ അപലപിച്ചു. ‘ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഏതൊരാള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കും,’ അവര്‍ പറഞ്ഞു.