
ന്യൂയോർക്ക്: ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണുണ്ടായ ദുരന്തത്തിൽ ഇന്ത്യയുടെ കണ്ണീരൊപ്പാൻ അമേരിക്ക ഒപ്പമുണ്ടാകുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഇന്ത്യയിലെ ദാരുണമായ വിമാനാപകടത്തെക്കുറിച്ച് സംസാരിച്ച യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, സംഭവത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതിനാൽ അമേരിക്കയ്ക്ക് നൽകാൻ കഴിയുന്ന എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി പറഞ്ഞു. അതൊരു ഭയാനകമായ അപകടമായിരുന്നുവെന്നും അമേരിക്കൻ പ്രസിഡന്‍റ് കൂട്ടിച്ചേർത്തു. ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്യുമെന്നും വാഷിംഗ്ടൺ ഡി സിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി.
നേരത്തെ ലോകത്തെ നടുക്കിയ ആകാശ ദുരന്തത്തിൽ വേദന പങ്കുവച്ച് റഷ്യൻ പ്രസിഡന്‍റ് അടക്കമുള്ള ലോക നേതാക്കൾ രംഗത്തെത്തിയിരുന്നു. 241 പേർക്ക് ജീവൻ നഷ്ടമായ വിമാന ദുരന്തത്തിൽ അനുശോചനം അറിയിച്ചും ഇന്ത്യക്ക് പിന്തുണയും ഐക്യദാർഢ്യവുമായി റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിർ പുടിന് പുറമേ ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ, യുക്രൈൻ പ്രസിഡന്‍റ് വ്ലാഡ്മിർ സെലൻസ്കി തുടങ്ങി നിരവധി ലോക നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയുമാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഹൃദയംഗമമായ അനുശോചനം അറിയിച്ചത്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പമുണ്ടെന്നും അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നതായും പുടിൻ അറിയിച്ചു. വലിയ ദുഃഖത്തിന്റെ ഈ സമയത്ത് റഷ്യയുടെ പിന്തുണയും ഐക്യദാർഢ്യവും ഇന്ത്യക്കൊപ്പമുണ്ടെന്നും പുടിൻ വ്യക്തമാക്കി.
അതേസമയം അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണുണ്ടായ ദുരന്തത്തിൽ ബ്രിട്ടനും തീരാത്ത വേദനയിലാണ്. വിമാന ദുരന്തത്തിൽ 53 ബ്രിട്ടിഷ് പൗരന്മാർക്ക് ജീവൻ നഷ്ടമായി. ബ്രിട്ടീഷ് പൗരന്മാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യൻ നഗരമായ അഹമ്മദാബാദിൽ തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ അഭിപ്രായപ്പെട്ടിരുന്നു. സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിക്കുകയാണെന്നും ഈ ദുരിതകരമായ സമയത്ത് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരോടും അവരുടെ കുടുംബങ്ങളോടും ഒപ്പമാണ് താനെന്നും സ്റ്റാർമർ വ്യക്തമാക്കി. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കു പറന്ന എയർ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് തകർന്നുവീണത്. ലണ്ടനിലേക്കുള്ള യാത്രയായതിനാലാണ് ദുരന്തത്തിൽ ബ്രിട്ടനും കനത്ത നഷ്ടമുണ്ടായത്.
ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമയാന ദുരന്തങ്ങളിലൊന്നാണ് ഇന്ന് അഹമ്മദാബാദ് വിമാനത്താവളത്തിൽ സംഭവിച്ചത്. ഉച്ചയ്ക്ക് 242 പേരുമായി പറന്നുയർന്ന ഉടൻ തന്നെ തകർന്നുവീണു. ലണ്ടനിലേക്ക് പോവുകയായിരുന്ന വിമാനത്തിൽ 232 യാത്രക്കാരും 10 ജീവനക്കാരും ഉണ്ടായിരുന്നു. ഇവരിൽ ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.