
വാഷിംഗ്ടണ്‍ : ബഹിരാകാശയാത്രികന്‍ ജിം ലോവല്‍ അന്തരിച്ചു. ചന്ദ്രനില്‍ ഇറങ്ങുന്നത് പരാജയപ്പെട്ടെങ്കിലും അപ്പോളോ 13-നെ സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവന്ന കമാന്‍ഡറാണ് ജിം ലോവല്‍. 97-ാം വയസ്സിലാണ് അദ്ദേഹത്തിന്റെ വിടവാങ്ങല്‍. ജെയിംസ് ആര്‍തര്‍ ലോവല്‍ എന്നാണ് മുഴുവന്‍ പേര്.
1970-ല്‍ ഏപ്രില്‍ 11-ന് കെന്നഡി സ്‌പെയ്സ് സെന്ററില്‍നിന്ന് കുതിച്ചുയര്‍ന്ന അപ്പോളോ 13 ദൗത്യത്തിനിടെ ബഹിരാകാശ പേടകത്തില്‍ ഉണ്ടായ ഒരു തകരാറുകാരണം ചന്ദ്രനില്‍ ഇറങ്ങാനുള്ള ശ്രമം ഉപേക്ഷിക്കേണ്ടിവന്നു. പേടകത്തിന്റെ സര്‍വീസ് മൊഡ്യൂളിലെ ഒരു ഓക്‌സിജന്‍ സംഭരണി പൊട്ടിത്തെറിച്ചതാണ് ദൗത്യം പരാജയപ്പെടാനിടയാക്കിയത്. പേടകത്തിന്റെ വൈദ്യുത സംവിധാനങ്ങളടക്കം പ്രവര്‍ത്തന രഹിതമാക്കിയതിനെത്തുടര്‍ന്ന് ലാന്‍ഡിങ് നിര്‍ത്തിവെച്ചു. തുടര്‍ന്ന്, പേടകത്തിലെ ജീവന്‍രക്ഷാസംവിധാനങ്ങളുടെ സഹായത്തോടെ ഏപ്രില്‍ 17-ന് ലോവലും സംഘവും സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങി. ആത്മധൈര്യത്തോടെ ലോവല്‍ പ്രയത്‌നിച്ചതുകൊണ്ട് പേടകം സുരക്ഷിതമായി തിരികെ ഭൂമിയിലെത്തിക്കുകയും ചെയ്തു. ബഹിരാകാശ യാത്രയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നായി ഇത് മാറി. ഒരു ദുരന്തമായി മാറുമെന്ന് ശാസ്ത്രലോകം ഭയപ്പെട്ട ദൗത്യമാണ് ലോവല്‍ വിജയമാക്കി മാറ്റിയതെന്ന് നാസ തന്നെ വിശേഷിപ്പിച്ചിട്ടുണ്ട്.
അപ്പോളോ 8 ദൗത്യത്തിന്റെ ഭാഗമായിരുന്ന ലോവല്‍, രണ്ടുതവണ ചന്ദ്രനിലേക്ക് പോയെങ്കിലും ചന്ദ്രനില്‍ ഇറങ്ങാന്‍ അദ്ദേഹത്തിനായില്ല. നാസയില്‍ ഏറ്റവുംകൂടുതല്‍ ബഹിരാകാശയാത്ര ചെയ്ത സഞ്ചാരികളിലൊരാളായിരുന്നു ലോവല്‍.