സഞ്ജയ്‌ കുമാർ തെറ്റുപറ്റിയെന്ന് പറഞ്ഞതിന് പിന്നാലെ ബിജെപിയുടെ നീക്കം, ‘വോട്ട് ചോരി’ പ്രചരണത്തിൽ രാഹുൽ ഗാന്ധിക്കും സഞ്ജയ്‌ കുമാറിനുമെതിരെ പൊലീസിൽ പരാതി

ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടത്തിയെന്നാരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസിന്റെ (സിഎസ്ഡിഎസ്) സഹ-ഡയറക്ടർ സഞ്ജയ് കുമാറിനെതിരെ ദില്ലി പോലീസിന് പരാതി ലഭിച്ചു. സുപ്രീംകോടതി അഭിഭാഷകനായ വിനീത് ജിൻഡാൽ ആണ് പരാതി നൽകിയത്. തിരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ ഉണ്ടായെന്നും ഇലക്ഷൻ കമ്മീഷനും ബിജെപിയും ചേർന്ന് വോട്ട് മോഷണം നടത്തിയെന്നും ആരോപിച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനകൾ വ്യാജവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് പരാതിയിൽ ആരോപിക്കുന്നു.

പരാതിയിൽ, രാഹുൽ ഗാന്ധിയും സഞ്ജയ് കുമാറും ചേർന്ന് കേന്ദ്ര സർക്കാരിനെതിരെ ഗൂഢാലോചന നടത്തുകയും ജനങ്ങൾക്കിടയിൽ അസ്വസ്ഥത വിതയ്ക്കുകയും ചെയ്തുവെന്നാണ് ആരോപണം. സിഎസ്ഡിഎസിന്റെ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് രാഹുൽ ഗാന്ധി “വോട്ട് ചോരി” എന്ന പ്രചാരണം നടത്തിയതെന്നും, എന്നാൽ ഈ ഡാറ്റ തെറ്റായി വ്യാഖ്യാനിച്ചതിന് സഞ്ജയ് കുമാർ ക്ഷമാപണം നടത്തിയിട്ടുണ്ടെന്നും പരാതി ചൂണ്ടിക്കാട്ടുന്നു. ഈ വിഷയത്തിൽ ദില്ലി പോലീസ് അന്വേഷണം ആരംഭിക്കുമോ എന്ന കാര്യം വ്യക്തമല്ല.

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെച്ചൊല്ലിയുള്ള ചൂടേറിയ രാഷ്ട്രീയ തര്‍ക്കത്തിനൊടുവില്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതിന് സഞ്ജയ്‌ കുമാര്‍ പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് അദ്ദേഹം തെറ്റുപറ്റിയതായി സമ്മതിച്ചത്. സിഎസ്ഡിഎസ് കണക്കുകളെ ഉദ്ധരിച്ചായിരുന്നു കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതായി ആരോപണം ഉന്നയിച്ചതെന്ന് കാട്ടി ബിജെപി പ്രചരണം കടുപ്പിക്കുന്നതിനിടെയാണ് പൊലീസിൽ പരാതിയും നൽകിയുള്ള നീക്കം.