
ബംഗളുരു: രാഹുൽ ഗാന്ധി ഉയർത്തിയ ‘വോട്ട് കൊള്ള’ ആരോപണം രാജ്യമാകെ അതിശക്തമായ പ്രചരണം ആക്കിമാറ്റുന്നതിനിടെ കോൺഗ്രസിന് അപ്രതീക്ഷിത ഷോക്ക്. കോൺഗ്രസ് നിലപാട് പരസ്യമായി തള്ളിയ കർണാടക സഹകരണ മന്ത്രി കെ എൻ രാജണ്ണ രാജിവെച്ചു. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് പരസ്യ പ്രസ്താവനയ്ക്കു പിന്നാലെയാണ് രാജി.
അന്ന് വോട്ടർ പട്ടികയെ സംബന്ധിച്ച് കാര്യമായി പരിശോധന നടത്താതെ ഇപ്പോൾ പറയുന്നതിൽ അർത്ഥമില്ലെന്നും, ഭാവിയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും രാജണ്ണ പറഞ്ഞു. ഇതോടെ കർണാടകയിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത സഹായിയായ രാജണ്ണ, വോട്ടർ പട്ടികയിൽ കൃത്രിമം നടന്നുവെന്ന ആരോപണത്തിൽ പാർട്ടിയുടെ മൗനത്തെ ചോദ്യം ചെയ്തിരുന്നു.
രാജണ്ണയുടെ പ്രസ്താവന രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചതിനെത്തുടർന്ന് കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രി സിദ്ധരാമയ്യയോട് അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ നിർദ്ദേശിച്ചു. വസ്തുത അറിയാതെ രാജണ്ണ പ്രസ്താവന നടത്തരുതെന്ന് ഡികെ ശിവകുമാർ പറഞ്ഞു. ഇതിൽ ഹൈക്കമാൻഡ് നടപടിയെടുക്കുമെന്നും ഡികെ ശിവകുമാർ പ്രതികരിച്ചിരുന്നു. പിന്നാലെയാണ് രാജി.