
നോയിഡ: യുഎസ് ടെക് ഭീമനായ ആപ്പിളിൻ്റെ ഇന്ത്യയിലെ അഞ്ചാമത്തെ സ്റ്റോർ നാളെ പ്രവർത്തനമാരംഭിക്കും. ഇന്ത്യയുടെ ഇലക്ട്രോണിക്സ് നിർമ്മാണ വളർച്ചയ്ക്ക് ഉത്തേജനം നൽകിക്കൊണ്ട് നോയിഡയിലാണ് പുതിയ ആപ്പിൾ സ്റ്റോർ വരുന്നത്.
പുതിയ സ്റ്റോറിൽ ആപ്പിളിന്റെ ഉൽപ്പന്നങ്ങളും സർവ്വീസുകളും ലഭ്യമാക്കും. മാത്രമല്ല, ഉപഭോക്താക്കൾക്ക് പുതുപുത്തൻ ഐഫോണുകൾ കാണാനും വാങ്ങാനും ഇവയെക്കുറിച്ചുള്ള വിദഗ്ദ്ധ മാർഗ്ഗനിർദ്ദേശങ്ങളും ലഭ്യമാക്കാനും ആപ്പിൾ സൌകര്യമൊരുക്കിയിട്ടുണ്ട്. ഇതിനായി ‘ടുഡേ അറ്റ് ആപ്പിൾ’ എന്ന പ്രത്യേക സെഷനുകളും സജ്ജമാണ്.
നോയിഡയിലെ ഡിഎൽഎഫ് മാളിൽ സ്ഥിതി ചെയ്യുന്ന ആപ്പിൾ സ്റ്റോറിൽ, ഏറ്റവും പുതിയ ഐഫോൺ സീരീസ്; ആപ്പിൾ വാച്ച് അൾട്രാ 3, ആപ്പിൾ വാച്ച് സീരീസ് 11 മോഡലുകൾ; പുതിയ ഐപാഡ് പ്രോ, 14 ഇഞ്ച് മാക്ബുക്ക് പ്രോ എന്നിവയുൾപ്പെടെ ഏറ്റവും പുതിയ ആപ്പിൾ ഉൽപ്പന്നങ്ങൾ എത്തിച്ചിട്ടുണ്ട്. 80-ലധികം ജീവനക്കാരും ഇവിടെയുണ്ട്.
“ഈ ഊർജ്ജസ്വലമായ നഗരത്തിലെ ഉപഭോക്താക്കളുമായുള്ള ഞങ്ങളുടെ ബന്ധം കൂടുതൽ ആഴത്തിലാക്കാനും ആപ്പിളിന്റെ ഏറ്റവും മികച്ച അനുഭവം അനുഭവിക്കാൻ അവരെ സഹായിക്കാനും ഞങ്ങളുടെ ടീം അംഗങ്ങൾക്ക് സന്തോഷമുണ്ട്,” – ആപ്പിളിന്റെ റീട്ടെയിൽ ആൻഡ് പീപ്പിൾ സീനിയർ വൈസ് പ്രസിഡന്റ് ഡീഡ്രെ ഒ’ബ്രയൻ പറഞ്ഞു.
2023 ഏപ്രിലിലാണ് ഇന്ത്യയിലെ ആപ്പിളിന്റെ റീട്ടെയിൽ യാത്ര ആരംഭിച്ചത്. ആദ്യത്തെ മുംബൈയിലെ ബികെസി, ഡൽഹിയിലെ സാകേത് എന്നിവിടങ്ങളിൽ രണ്ട് സ്റ്റോറുകൾ ആരംഭിച്ചതോടെയാണ് ഈ യാത്രയ്ക്ക് തുടക്കമായത്. ആദ്യ വർഷത്തിൽത്തന്നെ ഈ രണ്ട് ഔട്ട്‌ലെറ്റുകളിൽനിന്നുമായി ഏകദേശം 800 കോടി രൂപ വരുമാനം നേടി. ഇതോടെ ഇവ ലോകമെമ്പാടുമുള്ള ആപ്പിളിന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്റ്റോറുകളുടെ നിരയിൽ സ്ഥാനം പിടിച്ചു.
Apple’s fifth Indian store will open tomorrow in Noida.












