
മുംബൈ: ചൈനയ്ക്കു പുറത്ത് ആപ്പിളിന്റെ രണ്ടാമത്തെ വലിയ ഉത്പാദനകേന്ദ്രം ബെംഗളൂരുവിലെ ദേവനഹള്ളിയിൽ തായ്‌വാനീസ് കരാർ കമ്പനിയായ ഫോക്‌സ്‌സ്കോൺ ഒരുക്കി. ചെന്നൈയ്ക്കു പുറമേ ബെംഗളൂരുവിലെ പുതിയ ഫാക്ടറിയിലും ഐഫോൺ 17 ഉത്പാദനത്തിനും ആപ്പിളിന്റെ കരാർക്കമ്പനിയായ ഫോക്സ്കോൺ തുടക്കമിട്ടു. ചെറിയതോതിലാണ് ഇവിടെ ഉത്പാദനം തുടങ്ങിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ചൈനയ്ക്ക് ശേഷം ഫോക്കോണിന്റെ ലോകത്തിലെ രണ്ടാമത്തെ വലിയ യൂണിറ്റായി ബെംഗളൂരു ഫാക്‌ടറി മാറുന്നത് ഇന്ത്യയിൽ ആപ്പിളിന്റെ ഉത്പാദന ശൃംഖലയിലെ ഒരു സുപ്രധാന ചുവടുവെപ്പായി മാറും. ബെംഗളൂരു യൂണിറ്റ് പ്രവർത്തനത്തിൻ്റെ പ്രാരംഭഘട്ടത്തിലാണ്. എങ്കിലും ഫോക്സ്‌്കോണിന്റെ ചെന്നൈയിലെ പ്ലാൻ്റിൽ നിലവിലുള്ള ഉത്പാദനത്തിന് പുറമെ ഐഫോൺ 17 പരിമിതമായ തോതിൽ അസംബ്ലി ലൈനിൽ നിന്ന് പുറത്തിറങ്ങാൻ തുടങ്ങിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
എന്നാൽ, ആപ്പിളും ഫോക്സ്കോണും ഇക്കാര്യം പരസ്യമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇന്ത്യയെ ഒരു പ്രധാന ഉത്പാദന കേന്ദ്രമാക്കി മാറ്റാനുള്ള ആപ്പിളിന്റെ ത്വരിതഗതിയിലുള്ള ശ്രമങ്ങൾക്ക് ഈ നീക്കം അടിവരയിടുന്നുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 25,000 കോടിരൂപ ചെലവിലാണ് ഫാക്ടറിക്കു രൂപം നൽകിയിരിക്കുന്നത്. ചൈനയിൽനിന്നുള്ള വിദഗ്‌ധരെ തിരിച്ചുവിളിച്ചതിനെത്തുടർന്ന് ഇവിടെ ഉത്പാദനത്തിൽ ചെറിയ തടസ്സങ്ങളുണ്ടായെങ്കിലും തായ‌്വാനിൽനിന്നും മറ്റു കേന്ദ്രങ്ങളിൽനിന്നും വിദഗ്‌ധരെ എത്തിച്ച് കമ്പനി പ്രതിസന്ധി മറികടന്നതായാണ് റിപ്പോർട്ടുകൾ.