
വാഷിംഗ്ടൺ: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ അധിക തീരുവ ചുമത്താനുള്ള സാധ്യത കുറവാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചന നൽകി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് യുഎസ് അധിക തീരുവ ഏർപ്പെടുത്തിയേക്കില്ലെന്നാണ് ട്രംപിന്റെ പ്രസ്താവന. റഷ്യൻ എണ്ണയുടെ 40 ശതമാനം വാങ്ങിയിരുന്ന ഇന്ത്യ, യുഎസിന്റെ തീരുവ നടപടികൾക്ക് പിന്നാലെ റഷ്യയുമായുള്ള വ്യാപാരത്തിൽ മാറ്റം വരുത്തിയെന്ന് ട്രംപ് അവകാശപ്പെട്ടു. ഇന്ത്യയെപ്പോലുള്ള പ്രധാന ഉപഭോക്താക്കളെ റഷ്യക്ക് നഷ്ടമായത് തീരുവ നയങ്ങളുടെ ഫലമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയ്ക്ക് യുഎസിന്റെ അധിക തീരുവകൾ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കകൾക്കിടെയാണ് ട്രംപിന്റെ ഈ പരാമർശം. “റഷ്യയ്ക്ക് ഇന്ത്യയെപ്പോലുള്ള ഒരു വലിയ വിപണി നഷ്ടമായി. ചൈനയും റഷ്യയുമായുള്ള വ്യാപാരത്തിൽ വിവിധ നടപടികൾ സ്വീകരിക്കുന്നുണ്ട്. റഷ്യയുടെ കാഴ്ചപ്പാടിൽ, കൂടുതൽ തീരുവകൾ ഏർപ്പെടുത്തുന്നത് വലിയ നഷ്ടങ്ങൾക്ക് ഇടയാക്കും. അത്യാവശ്യമെങ്കിൽ മാത്രമേ ഞങ്ങൾ അധിക തീരുവ ഏർപ്പെടുത്തൂ. ചിലപ്പോൾ അത് വേണ്ടിവരില്ല,” – ട്രംപ് പറഞ്ഞത് ഇങ്ങനെയാണ്.