
പുനെ: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ലോക്സഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാഹുൽ ഗാന്ധി പൂനെ കോടതിയെ അറിയിച്ചു. സവർക്കർ മാനനഷ്ട കേസിന്റെ വാദം കേൾക്കുന്നതിനിടെ, അഭിഭാഷകൻ മിലിന്ദ് ദത്തത്രിയാ പവർ മുഖേന സമർപ്പിച്ച അപേക്ഷയിലാണ് രാഹുൽ ഗാന്ധി ഈ ആശങ്ക പ്രകടിപ്പിച്ചത്. മഹാത്മാഗാന്ധിയുടെ കൊലപാതകം ഒരു പ്രത്യയശാസ്ത്രത്തിന്റെ ഗൂഢാലോചനയുടെ ഫലമായിരുന്നുവെന്നും, നിലവിലെ സാഹചര്യത്തിൽ തനിക്കെതിരെ സമാനമായ ഭീഷണി നിലനിൽക്കുന്നുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളും, മാനനഷ്ട കേസിൽ പരാതിക്കാരനായ സത്യകി സവർക്കറുടെ വംശപരമ്പരയും ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധി ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കിയത്. ബിജെപി നേതാവ് രവനീത് സിംഗ് ബിട്ടുവിന്റെ “രാഹുൽ ഗാന്ധി രാജ്യത്തെ ഒന്നാം നമ്പർ തീവ്രവാദി” എന്ന പരാമർശവും, “വോട്ട് ചോർ സർക്കാർ” എന്ന മുദ്രാവാക്യവും അപേക്ഷയിൽ പരാമർശിച്ചിട്ടുണ്ട്. ഈ വിഷയം ജുഡീഷ്യൽ ശ്രദ്ധയിൽപ്പെടുത്തണമെന്നും രാഹുൽ ഗാന്ധി കോടതിയോട് ആവശ്യപ്പെട്ടു. കേസ് അടുത്ത വാദത്തിനായി സെപ്റ്റംബർ 10-ലേക്ക് മാറ്റിവച്ചതായി കോടതി അറിയിച്ചു.