‘എസ്ഐആർ നീട്ടിവയ്ക്കാൻ സുപ്രീം കോടതിയെ സമീപിക്കാം’, സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി, ഹർജി തീർപ്പാക്കി

കൊച്ചി: സംസ്ഥാനത്ത് എസ്ഐആർ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്ന സർക്കാർ ആവശ്യം തള്ളി ഹൈക്കോടതി. എസ്ഐആറിൽ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് വി.ജി.അരുൺ സർക്കാർ ഹർജിയിലെ നടപടികൾ അവസാനിപ്പിച്ച് തീർപ്പാക്കി. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്ഐആർ മാറ്റിവയ്ക്കണമെന്നായിരുന്നു സർക്കാരിന്റെ പ്രധാന വാദം. ഉദ്യോഗസ്ഥ ക്ഷാമവും ഭരണസ്തംഭനവും ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

എന്നാൽ, എസ്ഐആർ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ഉദ്യോഗസ്ഥ ക്ഷാമം സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിട്ടില്ലെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. എസ്ഐആർ നടപടികൾ പകുതിയിലേറെ പൂർത്തിയായെന്നും ഇപ്പോൾ നിർത്തിവയ്ക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും കമ്മിഷൻ കോടതിയെ അറിയിച്ചു. എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ സർക്കാരിന് അങ്ങോട്ട് പോകാമെന്ന് ഹൈക്കോടതി നിർദേശിച്ചു.

നീട്ടിവയ്ക്കൽ ആവശ്യം നിരസിച്ച കോടതി, സുപ്രീം കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യം സർക്കാരിന് നൽകി. വാദത്തിനിടെ ‘സുപ്രീം കോടതിയിലേക്ക് പോകുന്നതല്ലേ ഉചിതം’ എന്ന് കോടതി ചോദിച്ചിരുന്നു. എസ്ഐആർ നടപ്പാക്കൽ തുടരുമെന്ന സാഹചര്യത്തിൽ സർക്കാർ ഇനി സുപ്രീം കോടതിയിലേക്ക് തിരിയാനാണ് സാധ്യത.

More Stories from this section

family-dental
witywide