‘സൗദിക്കുള്ളിൽ പലസ്തീൻ രാഷ്ട്രം’ അറബ് രാജ്യങ്ങൾ കൂട്ടത്തോടെ തള്ളി! ‘മണ്ണിനോടുള്ള ബന്ധം കയ്യേറ്റക്കാർക്ക് മനസിലാകില്ല’, നെതന്യാഹുവിന് വിമർശനം

റിയാദ്: സൗദി അറേബ്യക്കുള്ളിൽ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവന തള്ളിക്കളഞ്ഞും രൂക്ഷ വിമർശനവുമായും അറബ് രാഷ്ട്രങ്ങൾ കൂട്ടത്തോടെ രംഗത്തെത്തി. എത്ര കാലമെടുത്താലും ഒരാൾക്കും പലസ്തീനികളെ അവരുടെ മണ്ണിൽ നിന്ന് നീക്കാനാവില്ലെന്നായിരുന്നു നെതന്യാഹുവിന്‍റെ പ്രസ്താവനയോടുള്ള സൗദിയുടെ പ്രതികരണം. സ്വന്തം മണ്ണുമായി മനുഷ്യനുള്ള ആത്മ ബന്ധം കയ്യേറ്റക്കാർക്ക് മനസിലാകില്ലെന്നും സൗദി വിമർശിച്ചു. ഈ ചിന്താഗതികളാണ് സമാധാനത്തിന്റെ വഴി സ്വീകരിക്കുന്നതിൽ നിന്ന് ഇസ്രയേലിനെ തടയുന്നതെന്നും സൗദി കൂട്ടിച്ചേർത്തു.

പ്രകോപനപരവും തള്ളിക്കളയേണ്ടതുമാണ് പ്രസ്താവനയെന്നാണ് യു എ ഇ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. പലസ്തീനികളെ അവരുടെ മണ്ണിൽ നിന്ന് നീക്കാനുള്ള ശ്രമങ്ങൾ തള്ളിക്കളയുന്നുവെന്നും യു എ ഇ വ്യക്തമാക്കി. മേഖലയിലെ ആശങ്കകൾ ചർച്ച ചെയ്യാൻ ഈ മാസം 27 ന് ഈജിപ്തിൽ ഉച്ചകോടി ചേരാനും അറബ് രാഷ്ട്രങ്ങൾ തീരുമാനിച്ചിട്ടുണ്ട്.

അതിനിടെ ഗാസയെ വിഭജിക്കുന്ന നെറ്റ്‍സാരിം ഇടനാഴിയിൽ നിന്നും ഇസ്രയേൽ സൈന്യം പിൻവാങ്ങി. ഗാസ വെടിനിർത്തൽ കരാറിന്റെ ഭാഗമായാണ് ഇസ്രയേൽ സൈന്യം പിൻവാങ്ങിയത്. ഗാസയിലെ സമാധാന ശ്രമങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്നതാണ് ഇസ്രയേൽ സൈന്യത്തിന്‍റെ പിന്മാറ്റമെന്നാണ് വിലയിരുത്തൽ.

More Stories from this section

family-dental
witywide