ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരുടെ ലാഭത്തിൽ വൻ ഇടിവ്; ലോകത്തെയാകെ ഞെട്ടിച്ച് റിപ്പോർട്ട് പുറത്ത്

റിയാദ്: വിലക്കുറവും ഉല്‍പാദനം വെട്ടിക്കുറച്ചതും മൂലം ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അരാംകോയുടെ അറ്റാദായത്തിൽ ഇടിവ്. 2024 ല്‍ 12.39 ശതമാനം ഇടിഞ്ഞ് 106.25 ബില്യണ്‍ ഡോളറിലാണ് അറ്റാദായം എത്തി നിൽക്കുന്നത്. അസംസ്‌കൃത എണ്ണയുടെ വിലയും വില്‍പ്പനയുടെ അളവു കുറഞ്ഞതും സംസ്‌കരിച്ച, രാസവസ്തുക്കളുടെ വില കുറഞ്ഞതുമാണ് വരുമാനത്തിലെ ഇടിവിന് കാരണമെന്ന് അരാംകോ പറഞ്ഞു.

ലാഭത്തിലെ കുറവ് കണക്കില്‍ എടുക്കുമ്പോള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം കുറവാണ് ലാഭത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.റിപ്പോര്‍ട്ട് പുറത്തുവന്നതിനു തൊട്ടുപിന്നാലെ അരാംകോയുടെ ഓഹരി വില, ഒരു ഓഹരിക്ക് ഏകദേശം 7.33 ഡോളറായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 8.71 ഡോളറില്‍ നിന്നാണ് ഈ കൂപ്പുകുത്തല്‍ ഉണ്ടായിരിക്കുന്നത്.

അരാംകോയുടെ വിപണി മൂല്യം ഏകദേശം 1.74 ട്രില്യണ്‍ ഡോളറാണ്. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ആപ്പിള്‍, മൈക്രോസോഫ്റ്റ്, എന്‍വിഡിയ, ആമസോണ്‍, ആല്‍ഫബെറ്റ് എന്നിവയ്ക്ക് പിന്നില്‍ ലോകത്തിലെ ആറാമത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയാണ് അരാംകോ.ട്രംപിന്റെ രണ്ടാം വരവില്‍ ഉഴലുന്ന ഈ വര്‍ഷം വെറും 85.4 ബില്യണ്‍ ഡോളറിന്റെ ലാഭവിഹിതമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളെ അപേക്ഷിച്ച ഇത് വളരെ കുറവാണ്.