
രുചിയുടെ പെരുമ കൊണ്ടുമാത്രമല്ല, പങ്കെടുക്കുന്ന ഭക്തരുടെ ബാഹുല്യം കൊണ്ടും ഒരു പക്ഷെ ലോകത്തിലെ തന്നെ ഒന്നാം സ്ഥാനത്തുള്ള ഭക്ഷണ മാമാങ്കമാകാം ആറന്‍മുള ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ വള്ള സദ്യ. ആചാരാനുഷ്ഠാനങ്ങളുടെ സവിശേഷതയും ഐതിഹ്യപെരുമയുമുള്ള വള്ളസദ്യ ആറന്മുളയെ ദേശദേശാന്തരം എത്തിച്ചുകൊണ്ടേയിരിക്കുന്നു. തിരുവോണത്തോണിയ്ക്ക് അകമ്പടിയായെത്തുന്ന പള്ളിയോടക്കാര്‍ക്കായി വഴിപാടെന്ന രീതിയിലാണ് ഓരോ ദിനവും വള്ളസദ്യ നടത്തുന്നത്. മധ്യ തിരുവിതാംകൂറിന്റെ രുചിയുടെ ഉത്സവം കൂടിയാണത്.
ആറന്മുള ശ്രീ പാര്‍ത്ഥസാരഥിക്ഷേത്രത്തില്‍ നടത്തുന്ന ആചാരനിബിഡമായ വള്ളസദ്യ ഉദ്ദിഷ്ടകാര്യത്തിനും, സന്താനലബ്ധിക്കും സര്‍പ്പ ദോഷപരിഹാരത്തിനുമായി ഭക്തജനങ്ങള്‍ സമര്‍പ്പിക്കുന്ന ഒരു വഴിപാടാണ്. വഴിപാട് സമര്‍പ്പിയ്ക്കുന്ന പള്ളിയോടക്കരയില്‍ നിന്നും അനുവാദം വാങ്ങിയാണു സദ്യയ്ക്കു ഒരുക്കങ്ങള്‍ തുടങ്ങുന്നത്. വഴിപാട് നടത്തുന്ന ഭക്തന്‍ അന്നേ ദിവസം രാവിലെ ക്ഷേത്രത്തില്‍ എത്തി കൊടിമരച്ചുവട്ടില്‍ നിറപറ സമര്‍പ്പിയ്ക്കുന്നതോടെ ചടങ്ങുകള്‍ ആരംഭിയ്ക്കും. നിറയ്ക്കുന്ന ര്ടു പറകളില്‍ ഒരു പറ ഭഗവാനും മറ്റൊന്നു പള്ളിയോടത്തിനും എന്നാണ് സങ്കല്പം. ക്ഷേത്ര ശ്രീകോവിലില്‍ നിന്നും മേല്‍ശാന്തി പൂജിച്ചു നല്‍കുന്ന മാലയും, വെറ്റിലയും, പുകയിലയും ആയി അതത് പള്ളിയോടക്കരയില്‍ എത്തി പള്ളിയോടത്തെ യാത്രയാക്കുന്നു. വഴിപാട് നടത്തുന്നയാള്‍ കരമാര്‍ഗ്ഗം ക്ഷേത്രത്തിലെത്തണം. തുടര്‍ന്നു ആറന്മുളയുടെ തനിമയിലും, താളത്തിലുമുള്ള വഞ്ചിപ്പട്ട് പാടിയാണു പള്ളിയോടങ്ങള്‍ പമ്പാനദിയിലൂടെ തുഴഞ്ഞു ആറന്‍മുള ക്ഷേത്രത്തിലെ വടക്കേ ഗോപുര നടയിലേക്കെത്തുന്നത്.
ആറന്മുള ക്ഷേത്രക്കടവിലടുക്കുന്ന പള്ളിയോടത്തിനെയും കരക്കാരെയും ക്ഷേത്ര അധികാരികളും,വഴിപാടുകാരും ചേര്‍ന്ന് അഷ്ടമംഗല്യം, വിളക്ക്, താലപ്പൊലി, വായ്ക്കുരവ, വെടിക്കെട്ട്, മുത്തുക്കുട എന്നിയും, നാദസ്വര മേളത്തോടും കൂടി സ്വീകരിയ്ക്കും. ഇങ്ങനെ സ്വീകരിച്ചു പള്ളിയോടത്തില്‍ വന്നവരെ ക്ഷേത്രത്തിനു പ്രദക്ഷിണം വെച്ച് കൊടിമരച്ചുവട്ടിലേയ്ക്കു ആനയിച്ചു കൊണ്ട് വരും. അപ്പോഴും പാട്ടുകാര്‍ വള്ളപ്പാട്ട് പാടികൊണ്ടിരിക്കും. കൊടിമരച്ചുവട്ടില്‍ പറയിട്ടിരിയ്ക്കുന്ന സ്ഥലത്തെത്തി വളളത്തില്‍ കൊണ്ടു വന്ന മുത്തുക്കുട പാട്ടിന്റെ താളത്തിനു അനുസരിച്ചു വായുവിലാട്ടിയ ശേഷം മുത്തുക്കുട മടക്കി കൊടിമരച്ചുവട്ടില്‍ നിറപറയുടെ അടുത്തു വെയ്ക്കുന്നു. കൂടെ പള്ളിയോടം തുഴയുന്ന ഒരു നയമ്പും നടയ്ക്കല്‍ വെക്കുന്നു. പിന്നീട് എല്ലാവരും വള്ളപ്പാട്ട് പാടി കൊണ്ടു സദ്യ ഉണ്ണാന്‍ ഊട്ടുപുരയിലേയ്ക്കു പോകുന്നു. ഇതു ഒരു പ്രധാന ചടങ്ങാണ്. വഴിപാടുകാരന്റെ കുടുംബക്കാരൊഴികെ എല്ലാവരും ഒരുമിച്ചാണു ഉണ്ണാന്‍ ഇരിയ്ക്കുന്നത്. അതിനു ശേഷമെ വീട്ടുകാര്‍ ഊണു കഴിയ്ക്കാറുള്ളു.
വള്ളപ്പാട്ടില്‍ കൂടി ചോദിയ്ക്കുന്ന വിഭവങ്ങള്‍ ഉടനടി സദ്യയില്‍ വിളമ്പണം.ഇങ്ങനെ ഊണു കഴിയുന്നതു വരെ വളരെ ശ്രദ്ധയോടു കൂടി വിളമ്പി കൊണ്ട് ഇരിയ്ക്കുക എന്നതാണ് സദ്യയിലെ കൗതുകകരമായ കാര്യം. ചോദിയ്ക്കുന്നതൊന്നും ഇല്ലായെന്നു പറയാനും പാടില്ല.
63 ഇനം കറികള്‍ ഉള്‍പ്പെടുന്ന വിഭവ സമൃദ്ധമായ ആറന്മുള വള്ള സദ്യയില്‍ പരിപ്പ്, സാമ്പാര്‍, പുളിശ്ശേരി, കാളന്‍, രസം, പാളതൈരു, മോര്, അവിയല്‍, ഓലന്‍, എരിശ്ശേരി, കൂട്ടുകറി, പച്ചടി, കിച്ചടി, വിവിധയിനം മെഴുക്കു പുരട്ടികള്‍, തോരനുകള്‍, അച്ചാറുകള്‍, അമ്പലപ്പുഴപാല്‍പ്പായസം ഉള്‍പ്പെടെ നിരവധി പായസങ്ങള്‍, വലുതും, ചെറുതുമായ പപ്പടം, പഴം എന്നിങ്ങനെ നിരവധി വിഭവങ്ങള്‍ ആണ് ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. വള്ളസദ്യയ്ക്കു ആവശ്യമായ പാളതൈരു ആചാരപരമായി കോട്ടയം ജില്ലയിലെ ചേനപ്പാടിയില്‍ നിന്നും കൊണ്ടുവരുന്നതാണ്.
സദ്യ കഴിഞ്ഞ് കരക്കാര്‍ വീണ്ടും കൊടിമരച്ചുവട്ടില്‍ എത്തുന്നു.അതിനു ശേഷം അവിടെ നിറച്ചു വെച്ചിരിയ്ക്കുന്ന പറ മറിയ്ക്കുന്നു. ഇതിനെ പറ തളിയ്ക്കുകയെന്നാണു പറയുന്നത്. പള്ളിയോടക്കരക്കാര്‍ ദക്ഷിണ വാങ്ങി വഴിപാടുകാരെ അനുഗ്രഹിക്കും. പിന്നെ വളളപ്പാട്ടു തുടങ്ങും. അഷ്ടമംഗല്യവും വിളക്കും നല്‍കി വീണ്ടും ക്ഷേത്രത്തിനു പ്രദക്ഷിണം വെച്ചു വടക്കെ ഗോപുരത്തിലൂടെ വള്ളക്കടവിലേയ്ക്കു ആനയിക്കുന്നു. തുടര്‍ന്നു വഞ്ചിപ്പാട്ട് പാടി കരക്കാര്‍ എല്ലാം പള്ളിയോടങ്ങളില്‍ കയറി തിരികെ പോകുന്നു. അതിനു ശേഷം വള്ള സദ്യ നടത്തിയ വീട്ടുകാര്‍ സദ്യ കഴിയ്ക്കുന്നു. ഇതോടെയാണ് വളള സദ്യയുടെ ചടങ്ങുകള്‍ അവസാനിയ്ക്കുക.
ഇതിനുപിന്നിലൊരു ഐതിഹ്യം കൂടിയുണ്ട്. പാണ്ഡവരുടെ വനവാസക്കാലത്ത്, കൃഷ്ണന്‍ അര്‍ജുനനെ അനുഗ്രഹിക്കാനായി ആറന്മുളയില്‍ എത്തിയത്തിന്റെ സ്മരണക്കായാണ് ഈ ചടങ്ങ് നടത്തുന്നത്. ആറ് മുളകൊണ്ട് കെട്ടിയുണ്ടാക്കിയ ചങ്ങാടത്തില്‍ നാരായണപുരത്ത് നിന്നും പമ്പയിലൂടെ യാത്ര തിരിച്ച കൃഷ്ണന്‍ എത്തിച്ചേര്‍ന്ന സ്ഥലം ആറന്മുള ആവുകയായിരുന്നു .