പത്തനംതിട്ട: ആരവങ്ങളും ആർപ്പുവിളികളുമായി തൂശനിലയിൽ 64 കൂട്ടം വിഭവങ്ങൾ വിളമ്പുന്ന പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കമാകുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ സമൂഹസദ്യ എന്നറിയപ്പെടുന്ന ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യയുടെ ഔപചാരിക ഉദ്ഘാടനം ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിക്കും. രാവിലെ 11:00 മണിക്ക് വള്ളസദ്യക്ക് തുടക്കംകുറിച്ച് അടുപ്പിൽ അഗ്നി പകരും.
700 വർഷത്തിലേറെ പഴക്കമുള്ള രണ്ട് മാസം നീണ്ടുനിൽക്കുന്ന ആറന്മുള വള്ളസദ്യയ്ക്ക് ഈ വർഷം ഇതുവരെ 410 വള്ളസദ്യകളാണ് ബുക്ക് ചെയ്തിട്ടുള്ളത്. 52 കരകളിലെ പള്ളിയോടങ്ങളാണ് വഴിപാട് അനുസരിച്ച് ഓരോദിവസും വള്ളസദ്യയിൽ പങ്കെടുക്കുന്നത്. ഒക്ടോബർ രണ്ടുവരെ വള്ളസദ്യ തുടരും. വള്ളസദ്യയുടെ ഭാഗമായി ക്ഷേത്രത്തിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്. ചരിത്രപ്രസിദ്ധമായ ഉത്രട്ടാതി ജലമേള സെപ്റ്റംബർ ഒൻപതിനും അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ 14 നുമാണ് നടക്കുക.
44 വിഭവങ്ങൾ ഇലയിൽ വിളമ്പുമ്പോൾ 20 വിഭവങ്ങൾ പാടി ചോദിക്കുന്ന മുറയ്ക്ക് വഴിപാടുകാരൻ ഇലയിൽ വിളമ്പുന്നതാണ് ആറന്മുളയിലെ പരമ്പരാഗത രീതി. റാന്നി ഇടക്കുളം മുതൽ ചെന്നിത്തല വരെ രണ്ട് ജില്ലകളിലായി 52 പള്ളിയോട കരകളാണ് വള്ളസദ്യയുടെ ഭാഗമാകുന്നത്. ക്ഷേത്രത്തിന് അകത്തും പുറത്തുമായി 15 സദ്യാലയങ്ങളും ഒരുക്കിയിട്ടുണ്ട്.















