
ലഖ്നൗ: രാജ്യത്തെ ഹിന്ദുക്കൾ സുരക്ഷിതരെങ്കില്‍ മുസ്ലീങ്ങളും സുരക്ഷിതരാണെന്ന യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വിദ്വേഷ പ്രസ്താവനയിൽ വിവാദം കത്തുന്നു. മുസ്ലീങ്ങൾ അപകടത്തിലാണ് എന്ന പ്രചാരണം തെറ്റാണെന്നും അസദുദീൻ ഒവൈസിയെ പോലുള്ളവരുടെ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് അപകടത്തിലായതെന്നും വാർത്താ ഏജൻസിയുടെ പോഡ്കാസ്റ്റിൽ യോഗി പറഞ്ഞു. മുസ്ലീങ്ങൾക്കെതിരായ യു പി സർക്കാറിന്റെ നിലപാടും നടപടികളും വലിയ വിവാദമാകുമ്പോഴാണ് പോഡ്കാസ്റ്റിലൂടെ യോഗി നിലപാട് വിശദീകരിച്ചത്. രാജ്യത്തെ മുസ്ലീങ്ങൾ അപകടത്തിലാണെന്ന അസദുദീൻ ഒവൈസിയുടെ പ്രസ്താവനയ്ക്കാണ് മറുപടി. ഇന്ത്യയിൽ നൂറ് ഹിന്ദു കുടുംബങ്ങള്‍ക്കിടയില്‍ ഒരു മുസ്ലീം കുടുംബം സുരക്ഷിതമാണ്, എന്നാൽ 100 മുസ്ലീം കുടുംബങ്ങള്‍ക്കിടയില്‍ അൻപത് ഹിന്ദു കുടുംബങ്ങള്‍ സുരക്ഷിതമാണോയെന്ന് ബംഗ്ലാദേശിലെ സാഹചര്യം ചൂണ്ടിക്കാട്ടി യോഗി ചോദിച്ചു. ഹോളി ആഘോഷസമയത്ത് യുപിയിലെ പള്ളികൾ മറച്ചത് മുൻകരുതലായാണെന്നും, 2017 നുശേഷം യുപിയിൽ ഒരു വർഗീയ കലാപം പോലും ഉണ്ടായിട്ടില്ലെന്നും യോഗി പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് നിലനിൽക്കേയും കേസിലുൾപ്പെട്ട മുസ്ലീം നേതാക്കളുടെ വീടുകൾ ബുൾഡോസറുപയോഗിച്ച് ഇടിച്ചുനിരത്തിയതടക്കം സർക്കാർ നടപടികൾ മുസ്ലീം വിരുദ്ധമാണെന്ന വിമർശനം ശക്തമാകുമ്പോഴാണ് യോഗിയുടെ വിശദീകരണം.
യോഗിയുടെ പോഡ്കാസ്റ്റിലെ പ്രസ്താവനയ്ക്കെതിരെ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രൂക്ഷ വിമർശനവുമായി രംഗത്തെത്തി. മിനി ഹിറ്റ്ലർക്ക് കസേര തെറിക്കുമോ എന്ന പേടിയാണ് യോഗിയുടെ വിദ്വേഷ പരാമർശത്തിന് പിന്നിലെന്നാണ് അഖിലേഷ് പറഞ്ഞത്. അധികാരത്തിൽനിന്നും പുറത്താകുമോയെന്ന ഭയം കാരണമാണ് യോഗി ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും അഖിലേഷ് കൂട്ടിച്ചേർത്തു. തൊഴിലില്ലായ്മയും, വിലക്കയറ്റവും ബിജെപി ഭരണത്തിൽ ഉയർന്നു, നിക്ഷേപങ്ങളും സംസ്ഥാനത്തേക്ക് വരുന്നില്ല. സംസ്ഥാനത്തെ കൊള്ളയടിക്കുന്ന സർക്കാറിന് ഇതേകുറിച്ചൊന്നും ഒന്നും മിണ്ടാനില്ലെന്നും അഖിലേഷ് പറഞ്ഞു. കോൺഗ്രസ് നേതാക്കൾ വിദേശഫണ്ട് വാങ്ങുന്നുവെന്ന ആരോപണത്തിൽ, ഏത് രാജ്യത്തുനിന്നാണോ പണം വരുന്നത്, ആ രാജ്യത്തിന്റെ എംബസികൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കാൻ യുപി മുഖ്യമന്ത്രി കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടണമെന്നും അഖിലേഷ് പരിഹസിച്ചു.