മെക്സിക്കോ സിറ്റിയിൽ അർജൻ്റീനിയൻ ഗായകനും മോഡലുമായ ഫെഡെ ഡോർക്കാസ് വെടിയേറ്റ് മരിച്ചു; കൊലപാതകം മോഷണ ശ്രമത്തിനിടെ

മെക്സിക്കോ: മെക്സിക്കോ സിറ്റിയിൽ അർജൻ്റീനിയൻ ഗായകനും മോഡലുമായ ഫെഡെ ഡോർക്കാസ് (29) വെടിയേറ്റ് മരിച്ചു. മെക്‌സിക്കോയിലെ ഒരു പ്രശസ്‌ത ടെലിവിഷൻ നൃത്തമത്സരത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. ഒക്ടോബർ 9-ന് നൃത്തപരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നടന്ന ഒരു മോഷണശ്രമത്തിനിടെയാണ് ഡോർക്കാസ് ആക്രമിക്കപ്പെട്ടതെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തിങ്കളാഴ്ച‌ സംപ്രേഷണം ചെയ്യുന്ന ലാസ് എസ്ട്രെല്ലസ് ബൈലാൻ എൻ ഹോയ് എന്ന നൃത്ത റിയാലിറ്റി ഷോയിൽ ആദ്യമായി പങ്കെടുക്കാൻ തയ്യാറെടുക്കുകയായിരുന്നു ഡോർകാസ്. റിഹേഴ്‌സലുകൾ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ മോട്ടോർ സൈക്കിളുകളിൽ എത്തിയ രണ്ട് പേർ അദ്ദേഹം സഞ്ചരിച്ചിരുന്ന കാറിനെ തടഞ്ഞുനിർത്തി കഴുത്തിൽ ഉൾപ്പെടെ മൂന്ന് തവണ വെടിവെക്കുകയായിരുന്നു.

റോഡിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ കഴുത്തിൽ വെടിയേറ്റ ഡോർക്കാസ് സംഭവസ്ഥലത്ത് വെച്ച് തന്നെ തൽക്ഷണം മരിച്ചുവെന്ന് മെക്സിക്കോ സിറ്റി പബ്ലിക് സേഫ്റ്റി സെക്രട്ടേറിയറ്റിനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. കൊലപാതകം മോഷണശ്രമത്തിനിടെയാണ് നടന്നതെന്നാണ് അധികൃതരെ ഉദ്ധരിച്ച് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. തുടരന്വേഷണത്തിൻ്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

നോ എരെസ് തൂ”, “കാരാ ബോണിറ്റ” തുടങ്ങിയവയാണ് ഡോർക്കാസിന്റെ പ്രശസ്‌തമായ ഗാനങ്ങൾ. ആദ്യ സംഗീത ആൽബമായ ‘ഇൻസ്റ്റിൻറോ’ കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയത്. മെക്സിക്കൻ നടിയും ഗായികയുമായ മരിയാന അവിലയുമായി പ്രണയത്തിലായിരുന്നു ഡോർക്കാസ്. അദ്ദേഹം പങ്കെടുക്കാനിരുന്ന നൃത്തപരിപാടിയുടെ അണിയറപ്രവർത്തകർ ഇൻസ്റ്റഗ്രാമിലൂടെ ഗായകന് ആദരാഞ്ജലികൾ അർപ്പിച്ചു. “ഫെഡെ ഞങ്ങളുടെ ടീമിൽ ഒരു വലിയ ശൂന്യത അവശേഷിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഓർമ്മയും അഭിനിവേശവും ഞങ്ങൾക്ക് എക്കാലവും പ്രചോദനമായിരിക്കും.” അവർ കുറിച്ചു

More Stories from this section

family-dental
witywide