
ന്യൂഡൽഹി: അസർബൈജാനുമായി തുടരുന്ന യുദ്ധത്തിൽ നിർണായക മേൽക്കൈ നേടാൻ ഇന്ത്യയിൽനിന്ന് വാങ്ങിയ ആയുധങ്ങൾ സഹായിച്ചുവെന്ന് അർമേനിയ. ഇന്ത്യയുടെ ആയുധങ്ങൾ ഗുണമേന്മയുള്ളതും കൃത്യമായി ലക്ഷ്യം ഭേദിക്കുന്നതുമാണെന്ന് അർമേനിയ വ്യക്തമാക്കി. ഇതേ തുടർന്ന് ഇന്ത്യയിൽനിന്ന് കൂടുതൽ ആയുധങ്ങൾ വാങ്ങാനുള്ള താത്പര്യവുമായി അർമേനിയൻ പ്രതിനിധി സംഘം ഇന്ത്യയിലെത്തി.
അസർബൈജാനുമായുള്ള യുദ്ധത്തിൽ വിലക്കുറവും ഗുണമേന്മയുള്ള ആയുധങ്ങൾക്ക് വേണ്ടിയാണ് അർമേനിയ ഇന്ത്യയിൽ എത്തുന്നത്. ഇപ്രാവശ്യം ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ ഉപയോഗിച്ചതും വിജയകരമായി പ്രവർത്തിച്ച ലക്ഷ്യം നേടുകയും ചെയ്‌ത ഇന്ത്യൻ നിർമിത ആയുധങ്ങൾ കൂടി ആവശ്യപ്പെട്ടാണ് അർമേനിയ എത്തിയിരിക്കുന്നത്. അസർബൈജാനുമായുള്ള നിലവിലെ യുദ്ധത്തിൽ ഇന്ത്യയിൽനിന്ന് വാങ്ങിയ പിനാക റോക്കറ്റ് ലോഞ്ചർ, ലോയിട്ടറിങ് മ്യൂണിഷനുകൾ, പ്രിസിഷൻ ഗൈഡഡ് ആർട്ടിലറികൾ എന്നിവ വളരെ ഫലപ്രദമാണെന്ന് അർമേനിയ വ്യക്തമാക്കി.
ഇന്ത്യൻ ആയുധങ്ങളിൽ പലതും ആദ്യമായാണ് ഒരു സൈനിക സംഘർഷത്തിൽ ഉപയോഗിക്കുന്നത് എന്നാണ് ഏറ്റവും ശ്രദ്ധേയം. ഇന്ത്യൻ ആയുധങ്ങളെ വിലകുറഞ്ഞ ഗുണമേന്മയില്ലാത്തവയെന്നാണ് അസർബൈജാൻ കരുതിയിരുന്നത്. എന്നാൽ, അവയുടെ മാരകപ്രഹരത്തിൽ അസർബൈജാൻ പലപ്പോഴും യുദ്ധതന്ത്രത്തിൽ മാറ്റം വരുത്താൻ നിർബന്ധിതരായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇന്ത്യയിൽനിന്ന് വാങ്ങുന്ന ആയുധങ്ങളുടെ കാര്യക്ഷമതയിൽ മാത്രമല്ല ആയുധങ്ങൾ ഉപയോഗിക്കാനുള്ള പരിശീലനത്തിലും കച്ചവടത്തിന് ശേഷമുള്ള ഇന്ത്യൻ പ്രതിരോധ കമ്പനികളുടെ പിന്തുണയിലും അർമേനിയ സംതൃപ്തരാണ്. അർമേനിയ മുമ്പ് സഖ്യരാജ്യമായ റഷ്യയിൽനിന്നാണ് അവർ ആയുധങ്ങൾ വാങ്ങിയിരുന്നത്. എന്നാൽ, യുക്രൈനുമായുള്ള യുദ്ധം തുടരുന്ന റഷ്യയ്ക്ക് ആവശ്യമായ ആയുധങ്ങൾ വിതരണം ചെയ്യാൻ സാധിക്കാതെ വന്നപ്പോഴാണ് ഇന്ത്യയുടെ അടുത്ത് എത്തിയത്.
അർമേനിയയും അസർബൈജനും തമ്മിലുള്ള യുദ്ധത്തിൽ ആയുധങ്ങൾ ഫലപ്രദമായതോടെ ഇന്ത്യയ്ക്ക് പ്രതിരോധ ആയുധ വിപണിയിൽ സാധ്യതകൾ ഏറി. ആഗോള ആയുധ വ്യാപാരത്തിൽ ഇന്ത്യ നിർണായകശക്തിയായി വളരുകയാണ്. ഇന്ത്യയിൽനിന്ന് പഴയ സോവിയറ്റ് യൂണിയൻ രാജ്യങ്ങൾ ആയുധങ്ങൾ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽനിന്ന് ആർട്ടിലറി ഷെലാകൾ വാങ്ങാൻ നാറ്റോ സഖ്യത്തിലെ രാജ്യങ്ങളും തയ്യാറെടുക്കുന്നുണ്ട്.