
തിരുവനന്തപുരം: ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ മുതലപ്പൊഴി തുറമുഖ നവീകരണ നിര്‍മ്മാണോദ്ഘാടന വേദിയിലെത്തിയ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെതിരെ ജനങ്ങളുടെ പ്രതിഷേധം. വേദിയിൽ ജോര്‍ജ് കുര്യന്‍ സംസാരിക്കാൻ എഴുന്നേറ്റപ്പോൾ തന്നെ ആളുകള്‍ വേദി വിട്ടു തുടങ്ങി. മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ജോര്‍ജ് കുര്യന്റെ നിലപാടിനെതിരെയാണ് ആളുകൾ വേദി വിട്ടുപോയത്.
വിഷയത്തില്‍ പ്രതികരണം തേടിയ മാധ്യമങ്ങളെ പരിഹസിക്കുകയും മാധ്യമപ്രവര്‍ത്തകരുടെ രാഷ്ട്രീയം തിരയുകയുമായിരുന്നു ജോര്‍ജ് കുര്യന്‍. നടപടി ക്രമം പൂര്‍ത്തിയാക്കാതെ ജാമ്യാപേക്ഷ നല്‍കിയതിനാലാണ് കന്യാസ്ത്രീകളുടെ ജാമ്യം കോടതി തള്ളിയതെന്നും ജാമ്യാപേക്ഷയില്‍ പിഴവുണ്ടായെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. കന്യാസ്ത്രീകള്‍ക്കൊപ്പമാണെന്ന് ബിജെപി നേതൃത്വം എന്ന് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ ഒഴിഞ്ഞുമാറുകയായിരുന്നു മന്ത്രി.