
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന് ചൈനയ്ക്കുള്ള ശക്തമായ മറുപടിയുമായി വിദേശകാര്യ മന്ത്രാലയം. അരുണാചല്‍ പ്രദേശ് ചൈനയുടേതെന്ന അവകാശവാദത്തിന് ശക്തമായ മറുപടിയാണ് ഇന്ത്യയുടെ ഭാഗത്തനിന്നുമുണ്ടായത്. ചൈന എത്ര അവകാശവാദം ഉന്നയിച്ചാലും യാഥാര്‍ത്ഥ്യം മാറില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
അരുണാചല്‍ പ്രദേശ് ജന്മസ്ഥലമായി രേഖപ്പെടുത്തിയതിനാല്‍ ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തില്‍ ഒരു ഇന്ത്യന്‍ യുവതിയെ തടഞ്ഞതില്‍ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും ഇതുവരെ കൃത്യമായ വിശദീകരണം തരാന്‍ ചൈനക്കായിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നവംബര്‍ 21 ന് ലണ്ടനില്‍ നിന്ന് ജപ്പാനിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുകെ ആസ്ഥാനമായുള്ള ഇന്ത്യന്‍ പൗരയായ പ്രേമ വാങ്‌ജോം തോങ്ഡോക്കിന്റെ പാസ്പോര്‍ട്ട് ‘അസാധുവാണ് എന്ന് പറഞ്ഞ് ചൈന ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. പ്രേമയുടെ പാസ്പോർട്ടിൽ ജന്മസ്‌ഥലം അരുണാചൽ പ്രദേശ് എന്നായിരുന്നു രേഖപ്പെടുത്തിയത്. എന്നാൽ അത് അസാധുവാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം. അരുണാചൽ ചൈനയുടെ ഭാഗമാണെന്നും ചൈനീസ് പാസ്പോർട്ടിന് അപേക്ഷിക്കാനാണ് നിർദേശിച്ചതെന്നും പ്രേമ ആരോപിച്ചു. 18 മണിക്കൂർ തന്നെ തടങ്കലിലാക്കിയെന്നും കൃത്യമായ ഭക്ഷണമോ മറ്റ് വിവരങ്ങളോ നൽകിയില്ലെന്നും അവർ ആരോപിച്ചു. വിമാനത്താവളത്തിലെ സൗകര്യങ്ങൾ ഉപയോഗിക്കാനോ പുതിയ ടിക്കറ്റ് ബുക്ക് ചെയ്യാനോ അനുവദിച്ചില്ല. ഷാങ്ഹായിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ടതിനെത്തുടർന്ന് ഉദ്യോഗസ്ഥർ ഇടപെട്ടതോടെയാണ് യുവതി മോചിതയാത്. ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
അതേസമയം, ചൊവ്വാഴ്ച ഒരു പ്രസ്താവനയില്‍, ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് ഇന്ത്യന്‍ യുവതിയെ നിര്‍ബന്ധിത നടപടികള്‍ക്കോ തടങ്കലിനോ പീഡനത്തിനോ വിധേയയാക്കിയിട്ടില്ലെന്ന് അവകാശപ്പെട്ടു. മാത്രമല്ല, ”ചൈനയുടെ അതിര്‍ത്തി പരിശോധനാ അധികാരികള്‍ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് മുഴുവന്‍ പ്രക്രിയയും നടത്തിയെന്നും ചൈന പറഞ്ഞു. സാങ്നാന്‍ ചൈനയുടെ പ്രദേശമാണ്. ഇന്ത്യ നിയമവിരുദ്ധമായി സ്ഥാപിച്ച അരുണാചല്‍ പ്രദേശ് എന്ന് വിളിക്കപ്പെടുന്ന പ്രദേശത്തെ ചൈന ഒരിക്കലും അംഗീകരിച്ചിട്ടില്ല,” മാവോ പറഞ്ഞു.
എന്നാല്‍, ഈ വിഷയത്തില്‍ ചൈനയ്ക്ക് ചുട്ടമറുപടി നല്‍കിക്കൊണ്ട് ”അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യമായ ഭാഗമാണ്, ഇത് സ്വയം വ്യക്തമായ വസ്തുതയാണ്. ചൈനീസ് പക്ഷം എത്ര നിഷേധിച്ചാലും ഈ നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യം മാറില്ല.” എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. രാജ്യാന്തര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ് നടന്നത്. എല്ലാ രാജ്യക്കാർക്കും 24 മണിക്കൂർ വിസ രഹിത ട്രാൻസിറ്റ് അനുവദിക്കും എന്ന ചൈനയുടെ തന്നെ മാർഗനിർദേശം ലംഘിക്കപ്പെട്ടു എന്നും രൺധീർ ജെയ്സ്വാൾ വ്യക്തമാക്കി.
സംഭവത്തില്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവും ചൈനയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയിലെ സംസ്ഥാനമായ അരുണാചല്‍ പ്രദേശിനെക്കുറിച്ചുള്ള ചൈനയുടെ അവകാശവാദങ്ങള്‍ ഇന്ത്യ നിരന്തരം നിരാകരിക്കുന്നുണ്ട്.
Arunachal is an ‘inalienable’ part of India – Ministry of External Affairs.














