തിരുവനന്തപുരം കോർപ്പറേഷനിലെ എൽഡിഎഫിന്റെ കനത്ത തോൽവിക്ക് പിന്നാലെ തനിക്കെതിരെ ഉയർന്ന രൂക്ഷ വിമർശനങ്ങൾക്ക് ‘Not an inch back’ എന്ന വാട്ട്സാപ്പ് സ്റ്റാറ്റസിലൂടെ മറുപടിയുമായി മേയർ ആര്യാ രാജേന്ദ്രൻ. പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, താഴ്ന്നവരോടുള്ള പുച്ഛം, മുകളിലുള്ളവരോടുള്ള അതിവിനയം തുടങ്ങിയ ആരോപണങ്ങളാണ് സിപിഎം കൗൺസിലറായ ഗായത്രി ബാബു അടക്കമുള്ളവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരോക്ഷമായി ഉന്നയിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണം മുന്നണിയുടെ ജനകീയത ഇല്ലാതാക്കിയെന്നടക്കം ഗായത്രി ആരോപിച്ചിരുന്നു.
വിവാദമായതോടെ ഗായത്രി ബാബു പോസ്റ്റ് പിൻവലിച്ചു. അതേസമയം ഗായത്രിയുടെ വിമർശനത്തെ തള്ളി മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. ഇത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ആര്യയുടെ പ്രവർത്തനത്തെക്കുറിച്ച് പാർട്ടിക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഗായത്രിയുടെ പരാമർശം പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ചരിത്ര വിജയം നേടിയതോടെ സിപിഎമ്മിനുള്ളിൽ ആഭ്യന്തര വിമർശനങ്ങൾ ശക്തമായിരിക്കുകയാണ്. ദീർഘകാലമായി ഇടതുകോട്ടയായിരുന്ന കോർപ്പറേഷൻ ഭരണം നഷ്ടപ്പെട്ടത് ആര്യാ രാജേന്ദ്രന്റെ ഭരണശൈലിയിലെ പോരായ്മകൾ കാരണമാണെന്ന ആരോപണങ്ങൾ ഉയരുന്നുണ്ട്. സംഭവത്തിൽ പാർട്ടി വിശദമായ പരിശോധന നടത്തുമെന്ന് സൂചനയുണ്ട്.










