മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം സാക്ഷികളായി, നിലമ്പൂർ എംഎൽഎ ആയി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് വൈകിട്ട് 3:30-ന് കേരള നിയമസഭാ കോംപ്ലക്സിലെ ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു സത്യപ്രതിജ്ഞ. യുഡിഎഫ് സ്ഥാനാർഥിയായി നിലമ്പൂർ പോരിനിറങ്ങിയ ഷൗക്കത്ത് എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജിനെ 11,077 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, സ്പീക്കര്‍ എ എല്‍ ഷംസീര്‍, മന്ത്രി എം ബി രാജേഷ് തുടങ്ങിയവരെല്ലാം സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കള്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രിമാരായ എം.ബി രാജേഷ്, കെ. രാജന്‍ തുടങ്ങിയവര്‍ ആര്യാടന്‍ ഷൗക്കത്തിനെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. ദൈവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ.

വിജയത്തിന് ശേഷം, നിലമ്പൂരിന്റെ വികസനത്തിനായി പ്രവർത്തിക്കുമെന്നും, മനുഷ്യ-മൃഗ സംഘർഷം പോലുള്ള പ്രധാന പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻഗണന നൽകുമെന്നും ഷൗക്കത്ത് വ്യക്തമാക്കിയിരുന്നു. “ഈ വിജയം കേരളത്തിലെ ജനങ്ങളുടേതാണ്. സംസ്ഥാന സർക്കാരിന്റെ അവഗണനയ്ക്കെതിരെ നിലമ്പൂർ ജനത ശബ്ദമുയർത്തിയിരിക്കുന്നു,” അദ്ദേഹം പറഞ്ഞു.

നിലമ്പൂർ നഗരസഭയുടെ മുൻ ചെയർമാനും, ചലച്ചിത്ര നിർമാതാവും തിരക്കഥാകൃത്തുമായ ഷൗക്കത്ത്, പിതാവ് ആര്യാടൻ മുഹമ്മദിന്‍റെ രാഷ്ട്രീയ പാരമ്പര്യം ഏറ്റെടുത്താണ് മണ്ഡലത്തിൽ മത്സരിച്ചത്. എട്ട് തവണ നിലമ്പൂർ എംഎൽഎയായിരുന്ന മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്‍റെ പിൻഗാമിയായി 2016 ൽ മത്സരിച്ചിരുന്നെങ്കിലും അന്ന് അൻവറിനോട് പരാജയപ്പെട്ടിരുന്നു. ഇക്കുറി അൻവറിനെയും സ്വരാജിനെയും തകർത്തെറിഞ്ഞാണ് നിയമസഭയിലേക്ക് ആദ്യമായി ചുവടുവച്ചത്. നിലമ്പൂർ ജനത “ബാപ്പുട്ടി” എന്ന് വിളിക്കുന്ന ഷൗക്കത്ത്, മണ്ഡലത്തിന്റെ വികസനത്തിനായി സർക്കാരുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ഈ വിജയം കോൺഗ്രസിനും യുഡിഎഫിനും വലിയ ആത്മവിശ്വാസം പകരുന്നതാണ്.

More Stories from this section

family-dental
witywide