സെന്‍യാറിന് ബൈ ബൈ, ഇതാ വരുന്നു ‘ഡിറ്റ് വാ’ ചുഴലിക്കാറ്റ്, കേരളത്തിന് ആശങ്കയില്ല, തമിഴ്‌നാട്ടില്‍ അതീവ ജാഗ്രത

കാസര്‍കോട്: മലാക്ക കടലിടുക്കിനു മുകളില്‍ രൂപപ്പെട്ട സെന്‍യാര്‍ ചുഴലിക്കാറ്റ് ദുര്‍ബലമാകുമ്പോഴേക്കും ശ്രീലങ്കന്‍ തീരത്തിന് സമീപം മറ്റൊരു ചുഴലിക്കാറ്റ് കൂടി രൂപപ്പെടുന്നു. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്ക് സമീപം സ്ഥിതിചെയ്ത തീവ്രന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി മാറി ഡിറ്റ് വാ (Dit wah) എന്ന പേരിലുള്ള ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. ചുഴലിക്കാറ്റിന് ആ പേര് നിര്‍ദേശിച്ചത് യെമന്‍ ആണ്. യെമനിലെ വിനോദസഞ്ചാര പ്രാധാന്യമുള്ള ഒരു ലഗൂണിന്റെ പേരാണിത്.

പുതിയ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും തമിഴ്‌നാടിനോട് ചേര്‍ന്ന മലയോര മേഖലയില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. എന്നാല്‍, മഴ കുറവാണെങ്കിലും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റ് കടന്നുപോകുന്ന തമിഴ്‌നാട്ടില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട് എന്നീ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആരംഭിച്ചു.

ബുധനാഴ്ച പുലര്‍ച്ചെ 5.30 ഓടെയാണ് സെന്‍യാര്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) ആണ് പേര് നിര്‍ദേശിച്ചത്. അറബിയില്‍ ഈ പേരിന്റെ അര്‍ഥം സിംഹം എന്നാണ്. ഇന്ത്യന്‍ മഹാസമുദ്രം, അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നത് ലോക കാലാവസ്ഥ സംഘടനയുടെ കീഴിലുള്ള 13 രാജ്യങ്ങള്‍ ചേര്‍ന്നാണ്. ഈ പട്ടികയിലെ ക്രമപ്രകാരമാണ് സെന്‍യാര്‍ എന്ന പേരിന് ശേഷം ഡിറ്റ് വാ എന്ന പേര് വരുന്നത്.

As Cyclone Senyar weakens, another cyclone forms near Sri Lankan coast.

More Stories from this section

family-dental
witywide