ദില്ലി: എത്യോപ്യയിലെ അഗ്നിപർവ്വതത്തിൽ നിന്നുയർന്ന ചാര മേഘങ്ങൾ ചൈനയിലേക്ക് നീങ്ങുന്നുവെന്നും വൈകീട്ട് 7.30 ഓടെ ചാരമേഘങ്ങൾ ഇന്ത്യയിൽ നിന്നും ഒഴിയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചാരമേഘങ്ങൾ രാജ്യത്തെ ഡൽഹി, ഹരിയാന, സമീപപ്രദേശങ്ങളായ ഉത്തർപ്രദേശ് എന്നിവിടങ്ങളിലേക്ക് നീങ്ങിയെത്തിയിരുന്നു. മേഘപടലം വടക്കൻ ഇന്ത്യയിലേക്ക് നീങ്ങിയതിനാല്‍ കൊച്ചിയിലേക്കുള്ളതടക്കം നിരവധി വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. ദില്ലിയിലടക്കം വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഇത് ആശങ്ക ഉണ്ടാക്കിയിരുന്നു.
അതേസമയം, സർവീസുകൾക്ക് തടസ്സമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇന്ത്യൻ വിമാനക്കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും അധികൃതർ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി. ഇന്ന് നാല് ആഭ്യന്തര വിമാന സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. വിമാനങ്ങളിൽ സുരക്ഷാ പരിശോധന നടത്താൻ വേണ്ടിയാണ് സർവീസ് റദ്ദാക്കിയത്. ചാരമേഘങ്ങൾ ബാധിച്ച മേഖലകളിലൂടെ പറന്ന വിമാനങ്ങളിലാണ് സുരക്ഷാ പരിശോധന. ചെന്നൈ – മുംബൈ, ഹൈദരാബാദ് – മുംബൈ, കൊൽക്കത്ത – മുംബൈ, ഹൈദരാബാദ് – ദില്ലി സർവീസുകൾ ആണ് റദ്ദാക്കിയത്.
അഗ്നിപർവ്വത ചാരം വിമാന എൻജിനുകൾക്ക് ഗുരുതരമായ തകരാറുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ആകാശ എയർ, ഇൻഡിഗോ, കെ.എൽ.എം തുടങ്ങിയ വിമാനക്കമ്പനികൾ തങ്ങളുടെ സർവീസുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിരിക്കുകയാണ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർലൈനുകൾക്ക് കരിമേഘ പടലങ്ങൾ ഉള്ള പ്രദേശങ്ങൾ ഒഴിവാക്കാനും, ഏറ്റവും പുതിയ അഡ്വൈസറികൾ അനുസരിച്ച് ഫ്ലൈറ്റ് പ്ലാനിംഗ്, റൂട്ടിംഗ്, ഇന്ധനത്തിൻ്റെ അളവ് എന്നിവയിൽ മാറ്റം വരുത്താനും നിർദ്ദേശം നൽകി.
എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതം ആദ്യമായി ഏകദേശം 12,000 വർഷത്തിനിടെയാണ് പൊട്ടിത്തെറിച്ചത്. എത്യോപ്യയിലെ അഫാർ മേഖലയിലുള്ള ഈ അഗ്നിപർവ്വത സ്ഫോടനം കാരണം സമീപത്തെ അഫ്ദെറ ഗ്രാമം മുഴുവൻ ചാരത്തിൽ മൂടിയിരുന്നു. സ്ഫോടനം എർത അലെ, അഫ്ദെറ ടൗൺ എന്നിവിടങ്ങളിൽ ചെറിയ ഭൂചലനങ്ങൾക്ക് കാരണമായി. യെമൻ, ഒമാൻ എന്നിവിടങ്ങളിലൂടെ വടക്കൻ അറബിക്കടലിലേക്ക് വ്യാപിച്ചു.
Ash clouds from a volcano in Ethiopia are moving towards China; the Central Meteorological Department says they will leave India by 7.30 pm













