ഇനി പുതിയ സമരമുഖം, പ്രഖ്യാപിച്ച് ആശാ വർക്കർമാ‍ർ; വ്യാഴാഴ്ച മുതൽ സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാരം

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിലെ ആശാ വർക്കർമാരുടെ സമരത്തിന്‍റെ രൂപവും ഭാവവും മാറുന്നു. സമരത്തിന്‍റെ മുപ്പത്തിയാറാം ദിവസമാണ് പുതിയ ഘട്ടം ഇന്ന് ആശാ വർക്കർമാർ പ്രഖ്യാപിച്ചത്. വ്യാഴാഴ്ച മുതൽ സെക്രട്ടേറിയറ്റിലെ രാപ്പകൽ സമരപ്പന്തലിൽ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടക്കുന്നുവെന്നാണ് പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ മൂന്നുപേർ സമരമിരിക്കും. ഓണറേറിയത്തിനുള്ള മാനദണ്ഡം ഇളവ് ചെയ്തത് കൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്ന് സമരസമിതി വ്യക്തമാക്കി.

അതേസമയം ഇന്ന് ഭരണസിരാകേന്ദ്രം സ്തംഭിപ്പിച്ചായിരുന്നു ആശമാരുടെ സെക്രട്ടേറിയറ്റ് ഉപരോധം. നോർത്ത് ഗേറ്റും എംജി റോഡും ഉപരോധിച്ചു. സമരം പൊളിക്കാൻ ആരോഗ്യവകുപ്പ് നടത്തിയ പരിശീലന ക്ലാസുകൾ ബഹിഷ്ക്കരിച്ചാണ് വിവിധ ജില്ലകളിൽ നിന്നും ആശമാരെത്തിയത്. പ്രകടനത്തിനൊടുവില്‍ ആശമാര്‍ സെക്രട്ടേറിയറ്റിനു മുന്നിലെ റോഡില്‍ പൊരിവെയിലില്‍ കിടന്നു പ്രതിഷേധിച്ചു. കൊടും ചൂടില്‍ 7 ആശമാര്‍ തളര്‍ന്നു വീണു. എം ജി റോഡിന്‍റെ ഒരു വശം ഒഴിവാക്കി സമരം നടത്തണമെന്ന പൊലീസിന്‍റെ ആവശ്യം അംഗീകരിക്കാനും ആശമാര്‍ തയ്യാറായില്ല.

അതിനിടെ സമരക്കാരുടെ ഒരു ആവശ്യം അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ആശമാര്‍ക്ക് ഓണറേറിയം ലഭിക്കുന്നതിനു നിശ്ചയിച്ചിരുന്ന 10 മാനദണ്ഡങ്ങള്‍ പിന്‍വലിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. മാനദണ്ഡങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. നേരത്തെ ഈ മാനദണ്ഡങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ കുറവുണ്ടായാല്‍ ഓണറേറിയത്തില്‍ കുറവ് വരുത്തുമായിരുന്നു. യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നാല്‍ ഉള്‍പ്പെടെ ഓണറേറിയത്തില്‍ നിന്ന് തുക പിടിക്കുന്ന തരത്തിലുള്ള കടുത്ത മാനദണ്ഡങ്ങള്‍ ഒഴിവാക്കണമെന്ന് ആശാ വര്‍ക്കര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. മറ്റെന്തെങ്കിലും കാരണങ്ങളാല്‍ യോഗം മുടങ്ങിയാല്‍ പോലും ഓണറേറിയത്തില്‍ കുറവു വരുത്തിയിരുന്നതായി സമരത്തിലുള്ള ആശ വര്‍ക്കര്‍മാര്‍ പറയുന്നു. മാനദണ്ഡങ്ങള്‍ സങ്കീര്‍ണമായതിനാല്‍ തുച്ഛമായ ഓണറേറിയം മാത്രമാണ് ലഭിക്കുന്നതെന്നായിരുന്നു ആശമാരുടെ പരാതി. സര്‍ക്കാര്‍ തീരുമാനത്തില്‍ ആശ വര്‍ക്കാര്‍ സമരപ്പന്തലില്‍ ആഹ്ളാദം പ്രകടിപ്പിച്ചെങ്കിലും സമരം കൂടുതൽ ശക്തമാക്കാൻ തീരുമാനിക്കുകയായിരുന്നു.

Also Read

More Stories from this section

family-dental
witywide