
തിരുവനന്തപുരം : വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കാനായി സെക്രട്ടേറിയറ്റ് പടിക്കല്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം കൂടുതല്‍ കടുപ്പിക്കുന്നു. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് ആശമാര്‍ കൂട്ട ഉപവാസമിരിക്കും. അതോടൊപ്പം സമരപ്പന്തലിലെ ആശമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വീടുകളിലും ഉപവാസമിരിക്കുമെന്ന് മറ്റ് ആശമാര്‍ അറിയിച്ചു.
ഓണറേറിയം വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം നാല്‍പ്പത്തിമൂന്നാം ദിവസവും തുടരുകയാണ്. നിലവില്‍ മൂന്ന് പേര്‍ വീതമാണ് ഉപവാസമിരിക്കുന്നത്. നിരാഹാരമിരിക്കുന്നവര്‍ക്ക് പിന്തുണയുമായിട്ടാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക. മൂന്നാം ഘട്ടമായുള്ള അനിശ്ചിതകാല നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്കാണ് കടന്നത്.