
തിരുവനന്തപുരം : സമരം എത്ര കടുപ്പിച്ചാലും തിരിഞ്ഞുനോക്കില്ലെന്ന അധികാരുടെ നിലപാട് ഇനിയെങ്കിലും മാറുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്. വേതനവര്‍ധന ആവശ്യപ്പെട്ട് 50 ദിവസമായി തുടരുന്ന സമരത്തിനോട് ഇനിയെങ്കിലും അനുഭാവം കാണിക്കുമെന്ന പ്രതീക്ഷയില്‍ മുടിമുറിച്ച് സമരം കടുപ്പിച്ച് ആശാ വര്‍ക്കേഴ്സ്. അധികാരികളുടെ കണ്ണുതുറപ്പിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു സമരമെന്ന് സമരസമിതി നേതാവ് എസ്.മിനി പറഞ്ഞു.
ഇന്ന് മുടിമുറിച്ച് പ്രതിഷേധിക്കുമെന്ന് നേരത്തെ തന്നെ സമരനേതാക്കള്‍ വ്യക്തമാക്കിയിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ആദ്യം മുടി അഴിച്ചിട്ട് പ്രകടനം നടത്തി. പിന്നാലെയാണ് മുടി മുറിച്ച് പ്രതിഷേധിച്ചത്. പലരും വിതുമ്പിക്കരഞ്ഞുകൊണ്ടാണ് ജീവിത സമരത്തിന്റെ ഭാഗമായത്. അധികാരികളുടെ മുന്നില്‍ അടിമയായി നിന്നു പണിയെടുത്താല്‍ കിട്ടുന്ന 232 രൂപ വര്‍ധിപ്പിക്കണമെന്നാണ് ആവശ്യമെന്നും മിനി പറഞ്ഞു.
ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്നും എത്ര ദിവസം കഴിഞ്ഞാലും ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും സമരസമിതി നേതാവ് എം.എ.ബിന്ദു പറഞ്ഞു.