‘ആശ’യറ്റവരുടെ കൂട്ട നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്, ഇന്ന് ആരോഗ്യ മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച്

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശാവര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന രാപ്പകല്‍ സമരം ഇന്ന് 44ാം ദിവസത്തിലേക്ക് കടന്നു. ഒപ്പം ആശമാരുടെ കൂട്ട ഉപവാസം ഇന്ന് രണ്ടാം ദിവസത്തിലേക്കും എത്തി. സമരസമിതി നേതാവ് എം.എ ബിന്ദുവിന്റെ നേതൃത്വത്തില്‍ സമര കേന്ദ്രത്തില്‍ നടക്കുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്ക് കടന്നു.

അതേസമയം ആശ വര്‍ക്കര്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാര്‍ച്ച് നടത്തും. ആശ, അങ്കണവാടി ജീവനക്കാര്‍ക്ക് വേതനം വര്‍ദ്ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ ഓഫീസുകള്‍ക്ക് മുന്നിലും ധര്‍ണ്ണ നടത്തും. സര്‍ക്കാര്‍ സമരക്കാരോട് പ്രതികാരം ചെയ്യുകയാണെന്ന് വാദിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധം.

ഇതിനിടെ എസ്‌യുസിഐ നേതാക്കള്‍ ഇന്ന് വാര്‍ത്താ സമ്മേളനം നടത്തും. സംഘടനയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് സംസ്ഥാന സെക്രട്ടറി ജെയ്‌സണ്‍ ജോസഫ് മറുപടി നല്‍കും. രാവിലെ 11 മണിക്കാണ് വാര്‍ത്താ സമ്മേളനം.

ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന സംസ്ഥാന സര്‍ക്കാര്‍ അനുഭാവം കാണിക്കണമെന്നും ആശമാരുടെ പ്രശ്‌നം വേഗത്തില്‍ പരിഹരിക്കാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടതെന്നും പുതിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. ആശമാര്‍ക്ക് കുറഞ്ഞ പണമാണ് നല്‍കുന്നതെന്നും അവരുടെ ആവശ്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ നടപടിയെടുത്ത് പ്രശ്‌നം അടിയന്തരമായി പരിഹരിക്കുകയാണ് വേണ്ടതെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

More Stories from this section

family-dental
witywide