
സിഡ്നി: ഓസ്‌ട്രേലിയൻ ലോവി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഏഷ്യ പവർ ഇൻഡക്സ്-2025ൽ ഇന്ത്യ ജപ്പാനെ മറികടന്ന് മൂന്നാം സ്ഥാനം കരസ്ഥമാക്കി. അമേരിക്ക (80.4 പോയിന്റ്), ചൈന (73.5) എന്നിവയ്ക്ക് പിന്നിൽ 40 പോയിന്റുമായി ഇന്ത്യയാണ് ഇപ്പോൾ മൂന്നാമത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.9 പോയിന്റ് വർധിച്ചതോടെ ജപ്പാനെക്കാൾ ചെറിയ ലീഡ് നേടാനായി. ഏഷ്യ-പസഫിക്കിലെ 26 രാജ്യങ്ങളുടെ ആഗോള ശക്തി വിലയിരുത്തുന്ന ഈ സൂചികയിൽ ‘പ്രമുഖ രാജ്യം’ (Major Power) പദവി ഇന്ത്യ ആദ്യമായി സ്വന്തമാക്കി.
ഓപ്പറേഷൻ സിന്ദൂർ 2025 മെയ് മാസത്തിൽ ഇന്ത്യ പ്രകടിപ്പിച്ച സൈനിക കരുത്തും നയതന്ത്ര വൈദഗ്ധ്യവുമാണ് റാങ്കിങ് ഉയരാൻ പ്രധാന കാരണമായി ലോവി ഇൻസ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തിക വളർച്ച, വിദേശ വ്യാപാര ബന്ധങ്ങൾ, സാങ്കേതിക മേഖലയിലെ പുരോഗതി, വിദേശ ടൂറിസം വർധന എന്നിവയും ഇന്ത്യയുടെ സ്കോർ ഉയരാൻ സഹായിച്ചു. ഭൗമരാഷ്ട്രീയ പ്രസക്തിയുടെ കാര്യത്തിൽ ഇന്ത്യ ശക്തമായ മുന്നേറ്റം തുടരുകയാണെന്ന് പഠനം വ്യക്തമാക്കുന്നു.
എന്നാൽ ചൈനയുമായുള്ള ശക്തി വ്യത്യാസം വർധിച്ചുവരികയാണെന്നും സൈനിക മേഖലയിൽ ചൈന അമേരിക്കയുടെ മുൻതൂക്കം ഇല്ലാതാക്കുന്നുവെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. അമേരിക്കയ്ക്ക് ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്കോർ (80.4) ലഭിച്ചത് ട്രംപ് ഭരണകാലത്തെ ഏഷ്യാ വിരുദ്ധ നയങ്ങളുടെ പ്രതിഫലനമാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ജപ്പാന്റെ സ്ഥിരത നിലനിൽക്കുമ്പോൾ തന്നെ നേതൃമാറ്റം അതിന്റെ ഇൻഡോ-പസഫിക് നേതൃത്വത്തെ ബാധിച്ചു.
റഷ്യയെ പിന്നിലാക്കി ഓസ്‌ട്രേലിയ തൊട്ടു പിന്നിൽ (ആറാം സ്ഥാനം) നിൽക്കുമ്പോൾ പാകിസ്താൻ 16-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. ഏഷ്യയിലെ ശക്തി സന്തുലനത്തിൽ ഇന്ത്യയുടെ ഉയർച്ച ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിരീക്ഷണം.















