പാകിസ്ഥാൻ സൈനിക മേധാവിയുടെ മകളുടെ വിവാഹം; വരൻ സഹോദരപുത്രൻ, പാക് ആർമി ആസ്ഥാനത്ത് ലളിത ചടങ്ങുകൾ

റാവൽപിണ്ടി: പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിന്‍റെ മകൾ മഹ്‌നൂർ വിവാഹിതയായി. ഡിസംബർ 26ന് റാവൽപിണ്ടിയിലെ പാകിസ്ഥാൻ ആർമി ആസ്ഥാനത്ത് വെച്ചായിരുന്നു വിവാഹം. ജനറൽ മുനീറിന്‍റെ സഹോദരപുത്രനായ അബ്‍ദുൽ റഹ്മാനാണ് മഹ്‌നൂറിനെ വിവാഹം കഴിച്ചത്. രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതാക്കളും സൈനിക ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങായിരുന്നിട്ടും, സുരക്ഷാ കാരണങ്ങളാൽ അതീവ രഹസ്യമായാണ് വിവാഹം നടത്തിയത്.

പാക് പ്രസിഡന്റ് ആസിഫ് അലി സർദാരി, പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ, ഐഎസ്ഐ (ISI) മേധാവി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. മുൻ സൈനിക മേധാവികളും വിരമിച്ച ജനറൽമാരും വിവാഹത്തിനെത്തിയിരുന്നു. അസിം മുനീറിന്‍റെ സഹോദരപുത്രനായ അബ്ദുൽ റഹ്മാൻ പാക് സൈന്യത്തിൽ ക്യാപ്റ്റനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് സൈനിക ഉദ്യോഗസ്ഥർക്കുള്ള ക്വാട്ടയിലൂടെ സിവിൽ സർവീസിൽ ചേർന്ന ഇദ്ദേഹം നിലവിൽ അസിസ്റ്റന്റ് കമ്മീഷണറായി ജോലി ചെയ്യുന്നു.

ഏകദേശം 400 അതിഥികൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ചടങ്ങിന്റെ ചിത്രങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ജനറൽ മുനീറിന്റെ നാല് മക്കളിൽ മൂന്നാമത്തെ മകളാണ് മഹ്‌നൂർ.
ഒരു വശത്ത് കുടുംബ ചടങ്ങുകൾ ആഘോഷിക്കുമ്പോഴും, ജനറൽ മുനീറിന്റെ നേതൃത്വത്തിൽ പാകിസ്ഥാനിൽ മതമൗലികവാദം ശക്തിപ്പെടുന്നതിനെതിരെ അന്താരാഷ്ട്ര തലത്തിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. പാകിസ്ഥാൻ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും തീവ്രവാദ ഭീഷണിയും ലോകരാജ്യങ്ങൾക്കിടയിൽ രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കുന്നതായി ‘ഗ്രീക്ക് സിറ്റി ടൈംസ്’ റിപ്പോർട്ട് ചെയ്തു.

More Stories from this section

family-dental
witywide