
ന്യൂഡൽഹി : ഇക്കഴിഞ്ഞ മേയിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിൻ്റെ സമയത്ത് പാകിസ്ഥാന് “ദൈവിക സഹായം” ലഭിച്ചുവെന്ന അവകാശവാദവുമായി പാക് സൈനിക മേധാവി ജനറൽ അസിം മുനീർ. ഇസ്‌ലാമാബാദിൽ നടന്ന ദേശീയ ഉലമ സമ്മേളനത്തിലാണ് അദ്ദേഹം ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്.
ഇന്ത്യയുമായുള്ള ഏറ്റുമുട്ടലിനിടെ അല്ലാഹുവിന്റെ സഹായം തങ്ങൾ അനുഭവിച്ചറിഞ്ഞുവെന്നും, അദൃശ്യ ശക്തികൾ പാകിസ്ഥാനെ തുണച്ചുവെന്നുമാണ് മുനീർ പറയുന്നത്. ഏപ്രിലിൽ കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ 2025 മേയിൽ പാകിസ്ഥാനിലെ ഭീകരതാവളങ്ങൾക്ക് നേരെ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ പ്രത്യാക്രമണം നടത്തിയത്. ഇതിൽ പിടിച്ചുനിൽക്കാൻ പാകിസ്ഥാൻ നടത്തിയ പ്രത്യാക്രമണത്തെ ഓപ്പറേഷൻ ബന്യാനുൽ മർസൂസ് (Operation Bunyan-ul-Marsous) എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
അതേസമയം, പാകിസ്ഥാന്റെ സൈനിക പരാജയങ്ങളെ മറച്ചുവെക്കാനാണ് മുനീർ മതപരമായ വികാരങ്ങൾ ഉപയോഗിച്ച് സംസാരിക്കുന്നതെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. 26 സാധാരണക്കാരുടെ മരണത്തിന് കാരണമായ പഹൽഗാം ആക്രമണത്തിന് പ്രതികാരമായി പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് മെയ് 7 നാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. ഈ ആക്രമണങ്ങൾ ഇരു രാജ്യങ്ങളും തമ്മിൽ നാല് ദിവസം നീണ്ടുനിന്ന തീവ്രമായ ഏറ്റുമുട്ടലുകൾക്ക് കാരണമായി. മെയ് 10 ന് പാക്കിസ്ഥാൻ്റെ അഭ്യർത്ഥന പ്രകാരം സൈനിക നടപടികൾ അവസാനിപ്പിക്കാനുള്ള ധാരണയിലെത്തുകയായിരുന്നു.
Asim Munir says Pakistan received divine help during Operation Sindoor















