
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെയുണ്ടാ ഇന്ത്യാ-പാക്കിസ്ഥാന്‍ സംഘര്‍ഷം ലോക ശ്രദ്ധ നേടിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തലില്‍ താനും അമേരിക്കയുമാണ് മുഖ്യ പങ്കുവഹിച്ചതെന്ന് ഇപ്പോഴും പ്രസിഡന്റ് ട്രംപ് ആവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യ ഈ അവകാശവാദം നിരന്തരം തള്ളിക്കളയുന്നുമുണ്ട്. അതിനിടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിന് ലോകം അമേരിക്കയോട് നന്ദി പറയേണ്ടതുണ്ടോ എന്ന ചോദ്യത്തിന് രസകരമായ മറുപടി നല്‍കി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍. ഇന്ത്യന്‍ സേന പാകിസ്ഥാനെ ‘നിര്‍ത്താന്‍ തയ്യാറാണ്’ എന്ന് പറഞ്ഞതിന് അമേരിക്കയ്ക്ക് നന്ദി പറയുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ജര്‍മ്മന്‍ പത്രമായ ഫ്രാങ്ക്ഫര്‍ട്ടര്‍ ആല്‍ജെമൈന്‍ സെയ്തുങ്ങിന് നല്‍കിയ അഭിമുഖത്തിലാണ് ഡോ. ജയശങ്കര്‍ ഈ പരാമര്‍ശം നടത്തിയത്.
‘ഇരുവശത്തെയും സൈനിക കമാന്‍ഡര്‍മാര്‍ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വെടിവയ്പ്പ് നിര്‍ത്തലാക്കാന്‍ സമ്മതിച്ചത്. തലേന്ന് രാവിലെ, ഞങ്ങള്‍ പാകിസ്ഥാന്റെ പ്രധാന വ്യോമതാവളങ്ങളെയും വ്യോമ പ്രതിരോധ സംവിധാനത്തെയും ഫലപ്രദമായി ആക്രമിച്ച് നിര്‍വീര്യമാക്കി. അപ്പോള്‍, ശത്രുത അവസാനിപ്പിച്ചതിന് ഞാന്‍ ആരോട് നന്ദി പറയണം? ഇന്ത്യന്‍ സൈന്യത്തോട് ഞാന്‍ നന്ദി പറയുന്നു, കാരണം ഇന്ത്യന്‍ സൈനിക നടപടിയാണ് പാകിസ്ഥാനെ ‘പിടിച്ചുനിര്‍ത്താന്‍ ഞങ്ങള്‍ തയ്യാറാണ്’ എന്ന് പറയാന്‍ പ്രേരിപ്പിച്ചത്.’- അദ്ദേഹം പറഞ്ഞതിങ്ങനെ
26 നിരപരാധികളുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യുന്നതിനായി ഓപ്പറേഷന്‍ സിന്ദൂറിലൂടെ മെയ് 7 ന് ഇന്ത്യ പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും തീവ്രവാദ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി. ഭീകര താവളങ്ങള്‍ നശിപ്പിക്കുക എന്നതായിരുന്നു ഓപ്പറേഷന്‍ സിന്ദൂറിന്റെ ലക്ഷ്യം. തുടര്‍ന്ന് മെയ് 10 ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ചു.