
ന്യൂഡല്‍ഹി : സമയ് റെയ്നയുടെ ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ എന്ന പരിപാടിയിലെ അശ്ലീല പരാമര്‍ശം വലിയ വിവാദത്തിലേക്കും ചര്‍ച്ചയിലേക്കും കടന്നതോടെ കേസ് റജിസ്റ്റര്‍ ചെയ്ത് അസം പൊലീസ്. സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ സമയ് റെയ്‌ന, സമൂഹമാധ്യമ ഇന്‍ഫ്‌ലുവന്‍സര്‍ രണ്‍വീര്‍ അല്ലാബാഡിയ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. യുട്യൂബ് ഷോയ്ക്കിടെ അശ്ലീല പരാമര്‍ശം നടത്തി, ലൈംഗികത പ്രകടമാക്കുന്ന ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. സമൂഹ മാധ്യമ ഇന്‍ഫ്‌ലുവന്‍സര്‍ അപൂര്‍വ മഖിജ, ആശിഷ് ചഞ്ചലനി, ജ്പ്രീത് സിങ് എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
പുതിയ എപ്പിസോഡില്‍ മത്സരാര്‍ഥിയോട് രണ്‍വീര്‍ അല്ലാബാഡിയ ‘ജീവിതകാലം മുഴുവന്‍ എല്ലാ ദിവസവും നിങ്ങളുടെ മാതാപിതാക്കള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കാണണോ, അതോ ഒരിക്കല്‍ അതില്‍ ചേരുകയും അത് എന്നെന്നേക്കുമായി നിര്‍ത്തുകയും ചെയ്യണോ?’ എന്നാണ് രണ്‍വീര്‍ ചോദിച്ചത്. ഈ ചോദ്യമാണ് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ഇതിന്റെ വിഡിയോ വളരെ പെട്ടെന്ന് വൈറലായി. ഇതോടെ പരാമര്‍ശം നടത്തിയതില്‍ രണ്‍വീര്‍ ക്ഷമചോദിച്ചിരുന്നു.
വിഷയം പാര്‍ലമെന്റിലേക്കും എത്തി. നിരവധി എംപിമാരുടെ പരാതികളെത്തുടര്‍ന്ന്, വിവരസാങ്കേതികവിദ്യയെക്കുറിച്ചുള്ള ഒരു പാര്‍ലമെന്ററി പാനല്‍ അല്ലാബാഡിയയെ വിളിച്ചുവരുത്തണോ എന്ന് ചര്‍ച്ച ചെയ്യുന്നു. വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പാനലിന് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോഡ്കാസ്റ്ററിന് നോട്ടീസ് നല്‍കിയേക്കാമെന്നും സൂചനയുണ്ട്.
‘കോമഡി ഉള്ളടക്കത്തിന്റെ പേരില്‍ ഏത് അധിക്ഷേപകരമായ ഭാഷയും സ്വീകാര്യമല്ലെന്ന് ശിവസേനയുടെ (യുബിടി) രാജ്യസഭാ എംപി പ്രിയങ്ക ചതുര്‍വേദി എക്‌സില്‍ കുറിച്ചു. നിങ്ങള്‍ക്ക് ഒരു പ്ലാറ്റ്ഫോം ലഭിച്ചാല്‍, നിങ്ങള്‍ക്ക് എന്തും പറയാമെന്നല്ല അര്‍ത്ഥമാക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, ദശലക്ഷക്കണക്കിന് സബ്സ്‌ക്രൈബര്‍മാരുള്ള ഒരാളാണ് രണ്‍വീറെന്നും എല്ലാ രാഷ്ട്രീയക്കാരും അദ്ദേഹത്തിന്റെ പോഡ്കാസ്റ്റില്‍ ഭാഗമായിട്ടുണ്ടെന്നും, പ്രധാനമന്ത്രി അദ്ദേഹത്തിന് ഒരു അവാര്‍ഡ് നല്‍കിയിട്ടുണ്ടെന്നും അവര്‍ എടുത്തുകാട്ടി. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗമെന്ന നിലയില്‍, ഞാന്‍ ഈ വിഷയം ഉന്നയിക്കുമെന്നും അവര്‍ എക്സില്‍ കുറിച്ചിരുന്നു.












