
വാഷിംഗ്‌ടൺ: അമേരിക്കയെ നടുക്കി മിനിയാപൊളിസിലുള്ള അനൻസിയേഷൻ കാത്തലിക് സ്കൂളിൽ വെടിവെപ്പ്. അമേരിക്കൻ സമയം രാവിലെ 8:45ന് നടന്ന ഞെട്ടിക്കുന്ന വെടിവെപ്പിൽ 2 കുട്ടികൾ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ഭൂരിഭാഗവും കുട്ടികളാണ്, അവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന ആശങ്കയാണ് പൊലീസും ആശുപത്രി അധികൃതരും പങ്കുവെക്കുന്നത്. ആക്രമണം നടത്തിയ യുവാവ് സംഭവത്തിന് ശേഷം സ്വയം വെടിവെച്ച് ജീവനൊടുക്കിയതായി മിനിയാപൊളിസ് പൊലീസ് മേധാവി വ്യക്തമാക്കി.
കിൻഡർഗാർട്ടൻ മുതൽ എട്ടാം ഗ്രേഡ് വരെയുള്ള വിദ്യാർത്ഥികൾ പങ്കെടുത്തിരുന്ന ഒരു പരിപാടിക്കിടെയാണ് ഈ ദാരുണമായ ആക്രമണം നടന്നത്. ആക്രമിയായ യുവാവ് സ്കൂളിന്റെ ജനാലകൾ വഴി വെടിയുതിർക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ തുടർന്ന് സ്കൂൾ അടച്ചിട്ടിരിക്കുകയാണ്, അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സ്കൂൾ വെടിവെപ്പുകളുടെ തുടർച്ച അമേരിക്കയിൽ വർധിച്ചുവരുന്ന ആശങ്കകൾക്ക് ആക്കം കൂട്ടുന്നതാണ് ഈ സംഭവം.