ലൂയിസ്‌വില്ലെ : യു എസിലെ കെന്റക്കിയിൽ കാർഗോ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ മരണ സംഖ്യ ഉയരുന്നു. ഏറ്റവും ഒടുവിലെ റിപ്പോർട്ട് പ്രകാരം 9 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിൽ 10 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇവരുടെ നില ഗുരുതരമാണെന്നുമാണ് റിപ്പോർട്ട്. അതുകൊണ്ടുന്നെ മരണ സംഖ്യ ഉയർന്നേക്കാമെന്ന ആശങ്കയുണ്ട്. മരിച്ചവരില്‍ മൂന്ന് പേര്‍ വിമാനത്തിലുള്ളവരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
കെന്റക്കിയിലെ ലൂയിസ്‌വില്ലെ വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ ചൊവ്വാഴ്ച പ്രാദേശിക സമയം 5:15 ഓടെയാണ് കാർഗോ വിമാനം തകർന്നുവീണത്. വീണതിനുപിന്നാലെ സ്ഫോടനമുണ്ടായി. പ്രദേശമാകെ കറുത്ത പുക നിറഞ്ഞു.ലൂയിസ്‌വില്ലയിലെ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഹോണോലുലുവിലേക്ക് പുറപ്പെട്ട യുപിഎസ് കമ്പനിയുടെ കാർഗോ വിമാനമാണ് തകർന്നത്. സമൂഹമാധ്യമങ്ങളിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചു. വിമാനത്തിന്റെ ചിറകിൽ തീപിടിക്കുന്നതും പറന്നുയർന്ന ശേഷം ഉടൻ തന്നെ വിമാനം തീഗോളമായി തകർന്നുവീഴുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.
യുപിഎസിന്റെ 1991ൽ നിർമിച്ച മക്ഡൊണൽ ഡഗ്ലസ് എംഡി-11 വിമാനമാണ് തകർന്നുവീണത്. യുപിഎസിന്റെ ഏറ്റവും വലിയ പാക്കേജ് കൈകാര്യം ചെയ്യൽ സൗകര്യം ലൂയിസ്‌വില്ലിലാണുള്ളത്. ആയിരക്കണക്കിന് തൊഴിലാളികൾ ജോലിചെയ്യുന്ന ഈ ഹബ് വഴി പ്രതിദിനം 300 വിമാനങ്ങൾ കടന്നുപോകുന്നു. സ്ഫോടനത്തെത്തുടർന്ന് കറുത്ത പുക വ്യാപിച്ചതോടെ ഓഹിയോ വരെയുള്ള എല്ലാ പ്രദേശങ്ങളിലും മുന്നറിയിപ്പ് നൽകി.















