
കൊച്ചി : പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം പിറന്നു. അടുത്ത പത്ത് ദിവസം ലോകമെങ്ങുമുളള മലയാളികള്‍ക്ക് ആഘോഷത്തിന്റേയും ഉത്സവത്തിന്റേയും ദിനരാത്രങ്ങളാണ്. മാവേലിയെ വരവേല്‍ക്കാന്‍ നാടും നാട്ടാരും ഒരുങ്ങുകയാണ്. ലോകമെങ്ങുമുള്ള മലയാളി സമൂഹങ്ങള്‍ വിവിധ ദിവസങ്ങളിലായി ഓണോഘോഷ പരിപാടികള്‍ സംഘടിപ്പിച്ചും ആശംസകള്‍ കൈമാറിയും ഓണത്തിന് മാറ്റ് കൂട്ടും.
തൊടികളില്‍നിന്നു പൂക്കളിറുത്ത് മുറ്റത്ത് പൂക്കളം തീര്‍ക്കുന്ന കുട്ടിക്കൂട്ടങ്ങളെ ഇന്ന് അധികമങ്ങനെ കാണാനില്ലെങ്കിലും വഴിയോരക്കച്ചവടക്കാര്‍ പൂക്കളത്തിനുള്ള പൂവുകളുമായി കാത്തിരിക്കുന്നുണ്ട്. ഇക്കുറിയും ചെണ്ടുമല്ലി, ജമന്തി, അരളി, വാടാമുല്ലി, ബട്ടണ്‍റോസ് തുടങ്ങി വിവിധയിനം പൂക്കള്‍ വില്‍പനയ്ക്കായി എത്തിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍, കര്‍ണാടക, മൈസൂര്‍, ദിണ്ടിഗല്‍, ആന്ധ്രയ്ക്കടുത്ത് കൊപ്പം, ഹൊസൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാമാണ് പൂവെത്തുന്നത്.
ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറയില്‍ ഇന്നാണ് അത്തം ഘോഷയാത്ര നടക്കുക. ഇതോടെ സംസ്ഥാനത്ത് ഔദ്യോഗികമായി ഓണാഘോഷങ്ങള്‍ക്ക് തുടക്കമാകും. രാവിലെ 9 മണിക്ക് മന്ത്രി എം ബി രാജേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. പി രാജീവ് അത്തപ്പതാക ഉയര്‍ത്തും. നടന്‍ ജയറാമാണ് ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യുക. സിനിമാ താരം പിഷാരടിയും ആഘോഷങ്ങളില്‍ പങ്കെടുക്കും. തൃപ്പൂണിത്തുറ ബോയ്‌സ് ഗ്രൗണ്ടില്‍ നിന്നും തുടങ്ങി നഗരം ചുറ്റി തിരികെ അവിടെത്തന്നെ എത്തുന്ന രീതിയിലാണ് ഘോഷയാത്ര ഒരുക്കിയിരിക്കുന്നത്. ആനയും അമ്പാരിയും നിശ്ചല ദൃശ്യങ്ങളും ഉള്‍പ്പെടെ വര്‍ണാഭമായ കാഴ്ചകള്‍ക്കളൊരുക്കിയാണ് ഘോഷയാത്ര നഗരത്തെ ആഘോഷത്തിലേക്കെത്തിക്കുക.