ഇന്ത്യൻ സിനിമകളുടെ പ്രദർശനത്തിൽ കാനഡയിലെ തിയറ്ററിന് നേരെ ആക്രമണം; ഇന്ത്യൻ സിനിമകളുടെ പ്രദർശനം നിർത്തിവച്ചു

ഒട്ടാവ: ഇന്ത്യൻ സിനിമകളുടെ പ്രദർശനത്തിൽ കാനഡയിലെ തിയറ്ററിന് നേരെ ആക്രമണം ഉണ്ടാകുന്നതിനാൽ ഇന്ത്യൻ സിനിമകളുടെ പ്രദർശനം നിർത്തിവച്ചു. ഒരാഴ്ചയ്ക്കിടെയുണ്ടായ രണ്ട് ആക്രമണങ്ങളെ തുടർന്നാണ് കാനഡയിലെ ഇന്ത്യൻ സിനിമകളുടെ പ്രദർശനം നിർത്തിവച്ചു. . ഒന്‍റാറിയോ പ്രവിശ്യയിലെ ഓക്ക്‌വിൽ ടൗണിലുള്ള ഫിലിം സിനിമാസ് എന്ന തിയറ്ററാണ് പ്രദർശനം നിർത്തിയത്. ദക്ഷിണേഷ്യൻ സിനിമകൾ പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് തിയറ്ററിന് നേരെ തീവെപ്പും വെടിവെപ്പും ഉണ്ടായതെന്നാണ് തിയറ്റർ ഉടമകൾ സംശയിക്കുന്നത്. ദക്ഷിണേഷ്യൻ സിനിമകൾ പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് അജ്ഞാതർ തിയേറ്റർ ആക്രമിച്ചതെന്ന് ഫിലിം സിഎ സിനിമാസ് സിഇഒ ജെഫ് ക്നോൾ പ്രതികരിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്നും തിയറ്ററിന് കൂടുതൽ സുരക്ഷ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബർ 25നാണ് ആദ്യത്തെ സംഭവം നടന്നത്. രണ്ട് പേർ തിയേറ്ററിന്‍റെ പ്രവേശന കവാടത്തിൽ തീവെയ്ക്കാൻ ശ്രമിച്ചെങ്കിലും തീ പടരാതിരുന്നതിനാൽ ആളപായം ഒഴിവായി. ചെറിയ നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടായതെന്ന് ഹാൽട്ടൺ റീജിയണൽ പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ ഒരു തവിട്ട് നിറത്തിലുള്ള എസ്‌യുവി പാർക്കിംഗ് സ്ഥലത്ത് പലതവണ കറങ്ങുന്നതും അതിനുശേഷം ഒരു വെളുത്ത നിറത്തിലുള്ള കാർ വരുന്നതും യുവാക്കൾ എന്തോ ദ്രാവകം ഒഴിച്ച് തീകൊളുത്തിയ ശേഷം സംഭവ സ്ഥലത്ത് നിന്ന് പോകുന്നതും കാണാം. ആ സമയത്ത് ഈ തിയറ്ററിൽ പവൻ കല്യാണിന്‍റെ ഒജിയാണ് പ്രദർശിപ്പിച്ചിരുന്നത്.

ഇന്ത്യൻ സിനിമകൾ പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് ആദ്യമായല്ല ഇത്തരം ആക്രമണങ്ങളും ഭീഷണികളും നേരിടേണ്ടി വരുന്നത്. ഇത് പ്രശ്നമുണ്ടാക്കുന്നുണ്ട്. എന്നാലും ഒരുമിച്ച് സിനിമ ആസ്വദിക്കാൻ സമൂഹത്തിന് സുരക്ഷിതവുമായ ഒരിടം നൽകുന്നതിൽ നിന്ന് ഇതൊന്നും ഞങ്ങളെ തടയില്ല എന്നായിരുന്നു ഈ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് തിയറ്റർ ഉടമകൾ പറഞ്ഞിരുന്നത്.

എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം വ്യാഴാഴ്ചയാണ് രണ്ടാമത്തെ സംഭവം നടന്നത്. കറുത്ത വസ്ത്രങ്ങളും കറുത്ത മുഖംമൂടിയും ധരിച്ചെത്തിയ ഒരു അക്രമി തിയേറ്ററിന്‍റെ പ്രവേശന കവാടത്തിലേക്ക് നിരവധി തവണ വെടിയുതിർത്തു. സംഭവം നടക്കുമ്പോൾ തിയറ്ററിൽ കാണികൾ ആരും ഇല്ലാതിരുന്നതിനാൽ ആർക്കും പരിക്കില്ല. സംഭവത്തിൽ ഹാൽട്ടൺ റീജിയണൽ പൊലീസ് അന്വേഷണം തുടങ്ങി. പൊലീസ് പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടുകയും പ്രതികളെ പിടികൂടാൻ പൊതുജനങ്ങളുടെ സഹായം തേടുകയും ചെയ്തിട്ടുണ്ട്.

More Stories from this section

family-dental
witywide