
ഗാസ : വെസ്റ്റ് ബാങ്കില്‍ പലസ്തീന്‍ കുടുംബങ്ങള്‍ക്കുനേരെ ഇസ്രയേല്‍ സൈന്യം വ്യാപക ആക്രമണം നടത്തുന്നു. നൂര്‍ ഷാംസ് അഭയാര്‍ഥി ക്യാംപില്‍ സേന നടത്തിയ വെടിവയ്പില്‍ ഗര്‍ഭിണിയായ യുവതിയുള്‍പ്പെടെ 2 പേര്‍ കൊല്ലപ്പെട്ടു. എട്ടു മാസം ഗര്‍ഭിണിയായ സോന്തോസ് ജമാല്‍ മുഹമ്മദ് ഷലാബി(23)യാണു കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവിന് ഗുരുതര പരുക്കേറ്റിട്ടുണ്ട്. റഹാഫ് ഫുവാദ് അബ്ദുല്ല അല്‍ അഷ്ഖറ്(21) ആണ് കൊല്ലപ്പെട്ട രണ്ടാമത്തെയാള്‍.
വീട്ടില്‍നിന്നിറങ്ങുമ്പോള്‍ സൈന്യം ഇവരെ വെടിവയ്ക്കുകയായിരുന്നു. രണ്ടുപേരെയും ആശുപത്രിയിലെത്തിക്കാനുള്ള ആരോഗ്യപ്രവര്‍ത്തകരെ സൈന്യം അനുവദിക്കാതിരുന്നതിനാല്‍, കുഞ്ഞിനെ പുറത്തെടുത്തു രക്ഷപ്പെടുത്താന്‍ പോലും കഴിഞ്ഞില്ലെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
അധിനിവേശ വെസ്റ്റ്ബാങ്കിലെ തുള്‍കരീം മേഖലയിലാണ് നൂര്‍ ഷാംസ് അഭയാര്‍ഥി ക്യാംപ്. ഭീകരര്‍ക്കായുള്ള റെയ്ഡുകളെന്ന പേരില്‍ വെസ്റ്റ് ബാങ്കിലെ വടക്കന്‍ മേഖലകളിലെ പരിശോധനകളും വെടിവയ്പും ഇസ്രയേല്‍ സൈന്യം വ്യാപിപ്പിച്ചിരിക്കുകയാണ്. മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
വെസ്റ്റ് ബാങ്കിലെ സള്‍ഫിത്തിനു വടക്കുള്ള മാര്‍ദ ഗ്രാമത്തിലേക്കു സൈന്യം കടന്നതായാണു പുതിയ റിപ്പോര്‍ട്ടുകള്‍.