
തിരുവനന്തപുരം: തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്ത യുവതിയെ വർക്കല അയന്തി മേൽപ്പാലത്തിനു സമീപം ട്രാക്കിലേക്ക് അക്രമി ചവിട്ടി തള്ളിയിട്ടു. നടുക്കുന്ന സംഭവത്തിൽ മദ്യലഹരിയിലായിരുന്ന സുരേഷ് കുമാർ എന്നയാളെ റെയിൽവേ പൊലീസ് കൊച്ചുവേളിയിൽനിന്ന് കസ്റ്റഡിയിലെടുത്തു.
ഗുരുതര പരിക്കേറ്റ യുവതിയെ ട്രാക്കിൽ കിടന്ന നിലയിൽ കണ്ട എതിരെ വന്ന മെമു ട്രെയിൻ നിർത്തി, യുവതി കയറ്റി വർക്കല സ്റ്റേഷനിലെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോ തള്ളിയിട്ടതാണെന്ന സംശയത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.











