മാലിന്യ പ്രശ്നം: ചൊക്ലിയിൽ കെ പി മോഹനൻ എംഎൽഎയെ കയ്യേറ്റം ചെയ്ത് നാട്ടുകാർ; 25 പേർക്ക് എതിരെ കേസെടുത്തു

കണ്ണൂർ: കൂത്തുപറമ്പ് എംഎൽഎയും മുൻമന്ത്രിയുമായ കെ പി മോഹനന് നേരെ നടന്ന കയ്യേറ്റശ്രമത്തിൽ ചൊക്ലി പൊലീസ് സ്വമേധയാ കേസെടുത്തു. കണ്ടാൽ അറിയാവുന്ന 25 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കരിയാട് അങ്കണവാടി ഉദ്ഘാടനത്തിനെത്തിയ എംഎൽഎ, മാലിന്യ പ്രശ്നത്തിൽ പ്രതിഷേധിക്കുന്ന നാട്ടുകാർക്കിടയിലൂടെ ഒറ്റയ്ക്ക് നടന്നുപോകവേയാണ് സംഭവം. പ്രതിഷേധക്കാർ അദ്ദേഹത്തെ പിടിച്ചുതള്ളുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി റിപ്പോർട്ട്.

പ്രദേശത്തെ ഒരു ഡയാലിസിസ് സെന്ററിൽ നിന്നുള്ള മാലിന്യം പുറത്തേക്ക് ഒഴുക്കുന്നതിനെതിരെ മാസങ്ങളായി നാട്ടുകാർ പ്രതിഷേധം നടത്തിവരികയായിരുന്നു. എംഎൽഎ ഒറ്റയ്ക്കായിരുന്നതിനാൽ പാർട്ടി പ്രവർത്തകരോ സഹായികളോ ഒപ്പമുണ്ടായിരുന്നില്ല. സംഭവത്തിനിടെ വലിയ വാക്കേറ്റവും ഉണ്ടായി. എന്നാൽ, കയ്യേറ്റശ്രമം ബോധപൂർവമല്ലെന്നും പ്രതിഷേധക്കാർക്ക് പ്രത്യേക രാഷ്ട്രീയ താൽപ്പര്യമില്ലെന്നും കെ പി മോഹനൻ പ്രതികരിച്ചു.

മാലിന്യ പ്രശ്നത്തിൽ താൻ ഇടപെട്ടിട്ടുണ്ടെന്നും ഒക്ടോബർ 5-ന് ഇരുവിഭാഗങ്ങളും പങ്കെടുക്കുന്ന യോഗം തീരുമാനിച്ചിട്ടുണ്ടെന്നും എംഎൽഎ വ്യക്തമാക്കി. പൊലീസിൽ പരാതി നൽകാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ സ്വമേധയാ കേസെടുത്താൽ സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.

More Stories from this section

family-dental
witywide