അതുല്യയുടെ മരണം; ഷാർജയിൽ നിന്നെത്തിയ ഭര്‍ത്താവ് സതീഷ് വിമാനത്താവളത്തിൽ വെച്ച് പിടിയിലായി

തിരുവനന്തപുരം: ഷാര്‍ജയിൽ ഫ്ലാറ്റിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സതീഷ് പിടിയിലായി. ഷാര്‍ജയിൽ നിന്ന് തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയ സതീഷിനെ വിമാനത്താവളത്തിൽ വെച്ച് തന്നെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് വലിയതുറ പൊലീസിന് കൈമാറി. സതീഷിനായി ലുക്ക്ഔട്ട് നോട്ടീസിറക്കി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് വിമാനത്താവളത്തിൽ വെച്ച് ഇന്ന് രാവിലെ പിടിയിലായത്. കൊല്ലത്ത് അതുല്യയുടെ മരണത്തിൽ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സതീഷിനെ കസ്റ്റഡിയിലെടുത്തത്.

ജൂലൈ 19 നാണ് അതുല്യയെ ഭർത്താവ് സതീഷിനൊപ്പം താമസിച്ചിരുന്ന ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ കുടുംബം നൽകിയ പരാതിയിൽ സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി ചവറ തെക്കുംഭാഗം പൊലീസ് കേസ് എടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്.

അതേസമയം, അതുല്യയുടെ ഷാർജയിൽ നടത്തിയ ഫൊറൻസിക് പരിശോധനയിൽ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് കണ്ടെത്തി. മൃതദേഹം നാട്ടിൽ എത്തിച്ചശേഷം നടത്തിയ റീ പോസ്റ്റ്മോർട്ടത്തിന്‍റെ ഫലം കൂടി വരാനുണ്ട്. സതീഷിനെ പിടികൂടാൻ പൊലീസ് ലുക്കൗട്ട് സർക്കുലറും പുറപ്പെടുവിച്ചിരുന്നു. മറ്റൊരു രാജ്യത്ത് കുടി അന്വേഷിക്കേണ്ട കേസായതിനാലാണ് ലോക്കൽ പൊലീസിൽ നിന്ന് കേസ് ക്രൈം ബ്രാഞ്ചിന് വിട്ടത്.

More Stories from this section

family-dental
witywide