‘എൽഡിഎഫ് തുടരും’, കോൺഗ്രസിനെ വെട്ടിലാക്കിയ ശബ്ദരേഖ വിവാദം കത്തി, ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവെച്ചു, വാമനപുരം സെക്രട്ടറി ജലീലിനെ പുറത്താക്കി

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജി വെച്ചെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. പാലോട് രവി സമര്‍പ്പിച്ച രാജി സ്വീകരിച്ചതായും കെപിസിസി പ്രസിഡന്റ്വ്യക്തമാക്കി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടതിനാല്‍ വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ.ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായും സണ്ണി ജോസഫ് അറിയിച്ചു.

പാർട്ടി നിർദ്ദേശപ്രകാരമാണ് രവിയുടെ രാജിയെന്നാണ് വിവരം. ‘കേരളത്തിൽ എൽ ഡി എഫ് തുടരുമെന്ന്’ പ്രാദേശിക കോൺഗ്രസ് നേതാവുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവി വലിയ പ്രതിസന്ധിയിലായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും തദ്ദേശ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകും എന്നുമാണ് പാലോട് രവി ഫോൺ സംഭാഷണത്തിൽ പറഞ്ഞത്.

നിയമസഭയിലും കോൺഗ്രസ് താഴെ വീഴുമെന്നും പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് ബിജെപി വോട്ട് പിടിക്കുമെന്നും രവി പറഞ്ഞു. കോൺഗ്രസ് പാർട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാർക്‌സിസ്റ്റ് പാർട്ടി ഭരണം തുടരും. ഇതോടെ ഈ പാർട്ടിയുടെ അധോഗതിയായിരിക്കും എന്നും പാലോട് രവി പറഞ്ഞിരുന്നു. ഇത് പാർട്ടിയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. സൈബർ ഇടത്തും പാലോട് രവിക്കെതിരെ അണികൾ വലിയ രോഷമാണ്‌ ഉയർത്തിയത്.

More Stories from this section

family-dental
witywide