
കൊച്ചി: മുൻ യൂത്ത് കോൺഗ്രസ് അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ട്രാൻസ്‌ജെൻഡർ അവന്തിക ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണെന്ന് ട്രാൻസ്‌ജെൻഡർ കോൺഗ്രസ് ജനറൽ സെക്രട്ടറി അന്ന വ്യക്തമാക്കി. രാഹുലുമായി അടുത്ത സൗഹൃദം പുലർത്തുന്ന അവന്തിക, മോശം സന്ദേശങ്ങൾ അയച്ചെന്ന പരാതി തെളിയിക്കാൻ കഴിയില്ലെന്നും, പലരിൽ നിന്നും പണം വാങ്ങാൻ ഭീഷണിപ്പെടുത്തലാണ് അവന്തികയുടെ രീതിയെന്നും അന്ന ആരോപിച്ചു. കേസ് കൊടുക്കുമെന്ന് കാണിച്ച് പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അവന്തിക ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അന്ന വിവരിച്ചു. അവന്തികയ്ക്ക് രാഹുലിനോടും ബിജെപി നേതാവ് പ്രശാന്ത് ശിവനോടും ‘ക്രഷ്’ ഉണ്ടെന്ന് സൂചിപ്പിക്കുന്ന ഓഡിയോ ക്ലിപ് തന്റെ പക്കലുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
അവന്തികയുടെ ആരോപണങ്ങൾ ബിജെപി പ്രേരിപ്പിച്ചതാണെന്നും, സ്ഥാനമാനങ്ങൾക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്നും അന്ന ആരോപിച്ചു. രാഹുലുമായുള്ള ചാറ്റ് അവന്തിക തന്നെ തുടങ്ങിയതാണെന്നും, ബ്ലാക്ക്‌മെയിൽ അവന്തികയുടെ സ്ഥിരം പരിപാടിയാണെന്നും അവർ പറഞ്ഞു. രാഹുലിനെതിരായ പരാതികൾ കോടതിയിൽ തെളിയിക്കപ്പെടണമെന്നും, കോൺഗ്രസിന്റെ നടപടികൾക്കൊപ്പം ട്രാൻസ്‌ജെൻഡർ കോൺഗ്രസ് ഉണ്ടാകുമെന്നും അന്ന വ്യക്തമാക്കി.