
ന്യൂഡൽഹി: രാജ്യത്തുടനീളം ആയിരക്കണക്കിന് യാത്രക്കാരെ വെട്ടിലാക്കി ഒരു ദിവസം കൊണ്ട് ആയിരത്തോളം വിമാന സർവീസുകൾ റദ്ദാക്കിയ ഇൻഡിഗോയ്ക്കെതിരെ നടപടി കടുപ്പിച്ച് ഏവിയേഷൻ റെഗുലേറ്റർ.
നിലവിലെ പ്രതിസന്ധിക്ക് ഇൻഡിഗോയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ ഉത്തരവാദിയാക്കിയാണ് ഇന്ത്യയുടെ ഏവിയേഷൻ റെഗുലേറ്റർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തെ തുടർന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഏറ്റവും കടുത്ത ഇടപെടലുകളിൽ ഒന്നായി ഈ നോട്ടീസ് അയച്ചിരിക്കുന്നത്. ഇൻഡിഗോ വിമാന സേവനങ്ങളിൽ ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധികൾക്ക് ഉത്തരവാദിയെന്നാരോപിച്ച് ഇൻഡിഗോയുടെ സിഇഒ പീറ്റർ എൽബേഴ്‌സിനെ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
പൈലറ്റുമാരുടെ വിശ്രമ സമയത്തെക്കുറിച്ചുള്ള പുതിയ നിയമങ്ങൾ എയർലൈൻ കൈകാര്യം ചെയ്തത് ശരിയായ രീതിയിലല്ലെന്നും ഇത് പ്രതിസന്ധി ഇരട്ടിയാക്കിയെന്നും കേന്ദ്രം വിമർശിക്കുന്നുണ്ട്. ഇത് രാജ്യത്തുടനീളം കൂട്ട റദ്ദാക്കലുകൾക്കും പതിനായിരക്കണക്കിന് യാത്രക്കാരെ വലച്ചതിനും കാരണമായെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.










