
ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ഡിസംബർ 22ന് പ്രഖ്യാപിച്ച സ്വതന്ത്ര വ്യാപാര കരാർ (FTA) ന്യൂസിലൻഡിന് അനുകൂലമല്ലെന്ന് ആരോപിച്ച് രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയും ന്യൂസിലൻഡ് ഫസ്റ്റ് പാർട്ടി നേതാവുമായ വിൻസ്റ്റൻ പീറ്റേഴ്‌സ് രംഗത്തെത്തി. കരാർ “നിഷ്പക്ഷവും ന്യായവുമല്ല” എന്നും ന്യൂസിലൻഡിന് മോശം ഡീലാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമായും ക്ഷീരമേഖലയെ ഒഴിവാക്കിയതിനെയും കുടിയേറ്റ-തൊഴിൽ മൊബിലിറ്റി മേഖലകളിൽ അമിത ഇളവുകൾ നൽകിയതിനെയും അദ്ദേഹം വിമർശിച്ചു. ന്യൂസിലൻഡിന്റെ കയറ്റുമതിയുടെ 30 ശതമാനം വരുന്ന ക്ഷീര ഉൽപന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ പ്രവേശനം ലഭിക്കാത്തത് കർഷകർക്ക് തിരിച്ചടിയാണെന്ന് പീറ്റേഴ്‌സ് ചൂണ്ടിക്കാട്ടി. കരാർ പാർലമെന്റിലെത്തിയാൽ തന്റെ പാർട്ടി എതിർത്ത് വോട്ട് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
കരാറനുസരിച്ച് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ന്യൂസിലൻഡിൽ 100 ശതമാനം തീരുവരഹിത പ്രവേശനം ലഭിക്കുമ്പോൾ, ന്യൂസിലൻഡ് ഉൽപന്നങ്ങളിൽ ഭൂരിഭാഗത്തിനും ഇന്ത്യയിൽ ഘട്ടം ഘട്ടമായി തീരുവ ഇളവ് ലഭിക്കും. എന്നാൽ ക്ഷീരം, കാർഷിക ഉൽപന്നങ്ങൾ തുടങ്ങിയ സെൻസിറ്റീവ് മേഖലകളെ ഇന്ത്യ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യൻ വിദ്യാർഥികൾക്കും തൊഴിലാളികൾക്കും കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതും കരാറിന്റെ ഭാഗമാണ്. ഇത് ന്യൂസിലൻഡിലെ തൊഴിൽ വിപണിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് പീറ്റേഴ്‌സിന്റെ ആശങ്ക.
പീറ്റേഴ്‌സിന്റെ വിമർശനം ഭരണകക്ഷി സഖ്യത്തിനുള്ളിൽ ഭിന്നത വെളിപ്പെടുത്തുന്നതാണ്. എന്നാൽ ഇന്ത്യൻ സർക്കാരിനോ നയങ്ങൾക്കോ എതിരല്ല തന്റെ നിലപാടെന്നും സഖ്യകക്ഷികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിന്റെ പ്രകടനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കരാർ രണ്ട് രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇരട്ടിയാക്കാൻ സഹായിക്കുമെന്നാണ് ഇരു സർക്കാരുകളുടെയും പ്രതീക്ഷ.















