
ദക്ഷിണ ചൈനാക്കടലിൽ അമേരിക്കൻ നാവികസേനയുടെ ഒരു യുദ്ധവിമാനവും ഹെലികോപ്ടറും 30 മിനിറ്റിനുള്ളിൽ തകർന്നുവീണ സംഭവത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂക്ഷമായി പ്രതികരിച്ചു. ജപ്പാനിൽ നിന്ന് മലേഷ്യയിലേക്കുള്ള യാത്രാമധ്യേ എയർഫോഴ്സ് വണ്ണിൽ വച്ച് അദ്ദേഹം പറഞ്ഞത്, ഈ അസ്വാഭാവിക സംഭവത്തിന്റെ കാരണം അമേരിക്ക ഉറപ്പായും കണ്ടെത്തുമെന്നാണ്. മോശം ഇന്ധനമാകാം പ്രശ്നത്തിന് കാരണമെന്ന് സംശയിക്കുന്നതായും, അമേരിക്ക ഒന്നും മറച്ചുവെക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
സംഭവം ഇങ്ങനെ
യുഎസ് നേവിയുടെ ഹെലികോപ്റ്ററും ഫൈറ്റര്‍ ജെറ്റുമാണ് ദക്ഷിണ ചൈനാ കടലില്‍ തകര്‍ന്നുവീണത്. ഹെലികോപ്റ്ററിലും ഫൈറ്റര്‍ ജെറ്റിലുമുണ്ടായിരുന്ന 5 ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്ന് പസഫിക് ഫ്‌ലീറ്റ് ഇതു സംബന്ധിച്ച പ്രസ്താവനയില്‍ അറിയിച്ചു. ഞായറാഴ്ച (ഒക്ടോബര്‍ 26) ഉച്ചകഴിഞ്ഞാണ് ദുരൂഹമാണ് സംഭവമുണ്ടായത്. 30 മിനിറ്റിനുള്ളില്‍ വ്യത്യസ്ത സംഭവങ്ങളിലാണ് രണ്ട് അപകടങ്ങളുണ്ടായത്. വിമാനവാഹിനിക്കപ്പലായ യുഎസ്എസ് നിമിറ്റ്‌സില്‍ നിന്ന് പറന്ന എഫ്/എ-18 യുദ്ധവിമാനവും സീ ഹോക്ക് ഹെലികോപ്റ്ററുമാണ് യുഎസ് നേവിക്കു നഷ്ടപ്പെട്ടമായിരിക്കുന്നത്. വ്യത്യസ്തമായ പതിവ് ഓപ്പറേഷനുകൾക്കിടെയാണ് സംഭവം. രണ്ട് സംഭവങ്ങളുടെയും കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതായും പസഫിക് ഫ്‌ലീറ്റ് വ്യക്തമാക്കി. വലിയ തര്‍ക്കം നടക്കുന്ന പ്രദേശത്താണ് യുഎസ് നേവിയുടെ ഹെലികോപ്റ്ററും ഫൈറ്റര്‍ ജെറ്റും തകര്‍ന്നുവീണിരിക്കുന്നത്. ദക്ഷിണ ചൈനാ കടലിന്റെ ചില ഭാഗങ്ങളില്‍ ചൈന, വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, മലേഷ്യ, ബ്രൂണൈ, തായ്വാന്‍ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ അവകാശവാദമുന്നയിക്കുന്നുണ്ട്.















