
ടൊറന്റോ: മോശം കാലാവസ്‌ഥയെ തുടർന്ന് കഴിഞ്ഞ ദിവസം റദ്ദാക്കപ്പെട്ടതും കാലതാമസം നേരിട്ടതും കാനഡയിൽ 567 വിമാനങ്ങൾ. വിമാനത്താവളങ്ങളിലെയും റൺവേയിലേയും പ്രവർത്തനങ്ങൾ മഴയും ശക്തമായ കാറ്റും ദൂരക്കാഴ്ച കുറച്ചതിനെ തുടർന്ന് തടസ്സപ്പെട്ടതിനെ തുടർന്നാണ് നടപടി. ആഭ്യന്തര റൂട്ടുകൾ മുതൽ ദീർഘദൂര രാജ്യാന്തര വിമാനങ്ങളെ വരെ കാലാവസ്‌ഥ സാരമായി ബാധിച്ചു.
മുൻനിര എയർലൈനുകളായ പോർട്ടർ എയർലൈൻ, എയർ കാനഡ, വെസ്‌റ്റ് ജറ്റ്, ജാസ് തുടങ്ങിയവയുടെ സർവീസുകളാണ് പ്രതിസന്ധിയിലായത്. മോൺട്രിയൽ, ടൊറന്റോ, വാൻകൂവർ, ഹാലിഫാക്സ് എന്നീ വിമാനത്താവളങ്ങളിൽ വലിയ തോതിൽ സർവീസ് തടസ്സപ്പെട്ടു. ഇക്കഴിഞ്ഞ ദിവസം 503 വിമാനങ്ങൾ വൈകുകയും 64 എണ്ണം റദ്ദാക്കുകയും ചെയ്തു.
അവസാന നിമിഷം വിമാനങ്ങൾ റദ്ദാക്കിയതും മണിക്കൂറുകളോളം കാലതാമസം നേരിട്ടതും പതിനായിരകണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി. ഈ ആഴ്‌ചയും കിഴക്കൻ കാനഡയിൽ കാലാവസ്ഥ മോശമാകുമെന്നാണ് മുന്നറിയിപ്പ്. വരും ദിവസങ്ങളിലും വിമാനങ്ങൾ വൈകുമെന്നാണ് റിപ്പോർട്ടുകൾ.