ഖത്തറിന് പിന്നാലെ വ്യോമ പാത അടച്ച് ബഹ്റൈനും യുഎഇയും; ജനങ്ങൾക്ക് സുരക്ഷ മുന്നറിയിപ്പ്

മനാമ: സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഖത്തറിന് പിന്നാലെ ബഹ്റൈനും യുഎഇയും വ്യോമപാത അടച്ചു. കൂടാതെ, ബഹ്റൈൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് സുരക്ഷ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സൈറനുകള്‍ മുഴങ്ങുമെന്നും ജനങ്ങള്‍ സുരക്ഷിതരായി തുടരണമെന്നുമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ബഹ്റൈനിൽ കഴിഞ്ഞ ദിവസവും സമാനമായ തരത്തിൽ ജാഗ്രത സൈറനുകൾ മുഴങ്ങിയിരുന്നു.

അതേ സമയം, ഇറാൻ ഖത്തറിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ചു. ദോഹയിലെ സൈനിക താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടന്നതെന്നും ദോഹയില്‍ വിവിധയിടങ്ങളില്‍ സ്‌ഫോടനം നടന്നതായും വിവിധ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് തൊട്ടുമുന്‍പ് ഖത്തര്‍ വ്യോമാതിര്‍ത്തി അടച്ചിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറിലെ ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻഎംബസി മുന്നറിയിപ്പ് നല്‍കി. ആളുകള്‍ വീടുകളില്‍ തുടരുകയും ജാഗ്രത പാലിക്കുകയും വേണം. ഖത്തര്‍ അധികാരികളുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും എംബസി നിര്‍ദേശിച്ചു.